ആലപ്പുഴയില് വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച് സമൂഹത്തില് ഉയര്ന്ന വിമര്ശനങ്ങള്ക്ക് പരിഹാരമായി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടര്ന്ന് കുഞ്ഞിന്റെ ചികിത്സ പൂര്ണമായും സൗജന്യമാക്കി. അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില് കുട്ടിയുടെ മാതാവ് സമര്പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മന്ത്രി നടപടിയെടുത്തത്. മെഡിക്കല്‍ കോളേജിലെ ചികിത്സ നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
നേരത്തെ കുഞ്ഞിന്റെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല് കോളജ് പണം ഈടാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. 250 രൂപ വീതം രണ്ടു തവണയാണ് ചികിത്സക്കായി പണം ഈടാക്കിയതെന്ന് കുടുംബം വ്യക്തമാക്കി. ടാക്സി ഡ്രൈവറായ കുഞ്ഞിന്റെ പിതാവ് അനീഷ് മുഹമ്മദിന് ജോലിക്ക് പോകാന് കഴിയാത്ത സാഹചര്യത്തില് ഈ തുക നല്കേണ്ടി വന്നത് കുടുംബത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു.
നവംബര് എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്ഡില് സുറുമി കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ലാതെയും, വായ തുറക്കാന് കഴിയാതെയും, കാലിനും കൈക്കും വളവുണ്ടായും ജനിച്ചു. ഗര്‍ഭകാലത്തെ സ്കാനിങ്ങില് ഡോക്ടര്മാര് വൈകല്യം അറിയിച്ചില്ലെന്ന ആരോപണത്തെ തുടര്ന്ന് വനിതാ ശിശു ആശുപത്രിയിലെ സീനിയര് ഗൈനക്കോളജിസ്റ്റുകളായ ഡോ. ഷേര്ലി, പുഷ്പ എന്നിവര്ക്കെതിരെയും സ്വകാര്യ സ്കാനിങ് സെന്ററിലെ രണ്ട് ഡോക്ടര്മാര്ക്കെതിരെയും ആലപ്പുഴ സൗത്ത് പൊലീസില് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലിലൂടെ കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കിയത്.
Story Highlights: In Alappuzha, the treatment of child born with disabilities made completely free