**ആലപ്പുഴ ◾:** ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പോലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചൽ ജാസ്മിൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ജോസ് മോനും മകൾ എയ്ഞ്ചലും തമ്മിൽ ഇന്നലെ രാത്രി തർക്കമുണ്ടായെന്നും ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നുമാണ് ജോസ് പോലീസിന് നൽകിയ മൊഴി. തുടർന്ന് മകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജോസ്മോൻ തന്നെ അയൽവാസികളെ വിളിച്ചുവരുത്തി. സംഭവം രാത്രിയിൽ ആരും അറിയാതെ മൂടിവെക്കാനും ഇയാൾ ശ്രമിച്ചു.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട എയ്ഞ്ചൽ. ഭർത്താവുമായി പിണങ്ങി ഏകദേശം രണ്ടുമാസത്തോളമായി എയ്ഞ്ചൽ സ്വന്തം വീട്ടിലായിരുന്നു താമസം.
ഹൃദയസ്തംഭനത്തെ തുടർന്ന് മകൾ മരണപ്പെട്ടെന്ന വിവരമാണ് ഇയാൾ ആശുപത്രിയിൽ നൽകിയത്. എന്നാൽ, ഡോക്ടർമാർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജോസ്മോൻ കുറ്റം സമ്മതിച്ചത്. ഇതോടെയാണ് കൊലപാതകത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്.
അറസ്റ്റിലായ ജോസ് മോനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights : Father killed daughter Alappuzha
Story Highlights: ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്.