സംവിധായകൻ ആഷിഖ് അബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്ന സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയിൽ അറിയിച്ചു. ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷവും മത സ്പർദ്ധയും വളർത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
മലയാള സിനിമയിലെയും സാംസ്കാരിക മേഖലയിലെയും സമകാലിക സംഭവങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും അറിയിച്ചു. അദ്ദേഹത്തിനെതിരായ ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും അവർ ഉറപ്പു നൽകി.
സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ തുറന്നു പറയുകയും സ്ത്രീ സുരക്ഷയും തൊഴിലാളി ചൂഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നേരിന്റെ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്ന സംവിധായകനാണ് ആഷിഖ് അബു എന്ന് എ.ഐ.വൈ.എഫ്. ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ കാരണം അദ്ദേഹത്തിനെതിരെ ഉയരുന്ന ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും സംഘടന വ്യക്തമാക്കി.
Story Highlights: AIYF condemns attacks on director Aashiq Abu, vows legal action against hate campaigns