തിരുച്ചിറപ്പള്ളിയില് നിന്ന് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് രണ്ട് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്നശേഷം സുരക്ഷിതമായി ലാന്ഡ് ചെയ്തു. കുഞ്ഞുങ്ങള് ഉള്പ്പെടെ 141 യാത്രക്കാരുമായി പറന്നുയര്ന്ന വിമാനത്തിന്റെ ലാന്ഡിംഗ് ഗിയര് ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്നമായത്. നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്ഡ് ചെയ്യുന്നത് അപകടകരമായതിനാല് ഇന്ധനം തീര്ക്കാനായി വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു.
വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്യാന് സാധിച്ചത് ക്യാപ്റ്റന് ഡാനിയല് ബെലിസയുടെ പ്രവര്ത്തന പരിചയവും കഴിവും കൊണ്ടാണ്. ആശങ്കകള്ക്കൊടുവില് വിമാനം ലാന്ഡ് ചെയ്തപ്പോള് എയര്പോര്ട്ടാകെ നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പൈലറ്റിനെയും ക്യാബിന് ക്രൂവിനെയും അഭിനന്ദിച്ചു. യാത്രക്കാര്ക്ക് നേരിട്ട ബുദ്ധിമുട്ടില് എയര് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
സാങ്കേതിക തകരാര് ഉണ്ടെന്ന് അറിഞ്ഞയുടന് തന്നെ സിവില് ഏവിയേഷന് മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന് നിര്ദേശം നല്കിയിരുന്നു. ലാന്ഡിംഗിന് മുന്പായി 20 ആംബുലന്സുകള് ഉള്പ്പെടെ തയാറാക്കിയിരുന്നു. യാത്രക്കാര്ക്ക് പോകാനുള്ള പകരം വിമാനം ഉടന് സജ്ജമാക്കുമെന്നാണ് റിപ്പോര്ട്ട്.
Story Highlights: Air India Express flight safely lands after circling for over 2 hours due to technical issue