പാമ്പുകടിയേറ്റവരെ രക്ഷിക്കാൻ എഐ ആന്റിവെനം: ഡെന്മാർക്ക് ഗവേഷകരുടെ പുതിയ കണ്ടെത്തൽ

AI Antivenom

ആരോഗ്യരംഗത്ത് നിര്മ്മിത ബുദ്ധി (എഐ)യുടെ ഉപയോഗം വ്യാപകമാകുന്ന ഈ കാലഘട്ടത്തില് പാമ്പുകടിയേറ്റവരെ രക്ഷിക്കാനായി എഐയുടെ സഹായത്തോടെ ആന്റിവെനം വികസിപ്പിക്കാനൊരുങ്ങുകയാണ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പാമ്പുകടിയേൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കണ്ടുപിടിത്തം വലിയ പ്രതീക്ഷ നൽകുന്നു. എളുപ്പത്തിൽ ഉത്പാദിപ്പിക്കാനും വേഗത്തിൽ പ്രവർത്തിക്കാനും കഴിയുന്ന ആന്റിവെനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എലികളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളിൽ 80% മുതൽ 100% വരെ അതിജീവന നിരക്ക് കണ്ടെത്തിയിട്ടുണ്ട്. വാഷിംഗ്ടൺ സർവകലാശാലയിലെ നോബൽ സമ്മാന ജേതാവ് ഡേവിഡ് ബേക്കറും ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ തിമോത്തി പാട്രിക് ജെങ്കിൻസും ചേർന്നുള്ള സംഘമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ സംഘം എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാമ്പിൻ വിഷത്തെ നിര്വീര്യമാക്കുന്ന പ്രോട്ടീനുകൾ വികസിപ്പിക്കുകയാണ്. അഞ്ചുവർഷത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി ആന്റിവെനം രോഗികളിലേക്ക് എത്തിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷതന്മാത്രകളെ പിടിച്ചു കെട്ടാനുള്ള തന്മാത്രകളെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുകയാണ് ഇവരുടെ ലക്ഷ്യം. മൂർഖൻ പാമ്പിന്റെ വിഷത്തിൽ കാണപ്പെടുന്ന ത്രീ ഫിംഗർ ടോക്സീനുകൾ നാഡീവ്യൂഹത്തെ തളർത്തുകയും പക്ഷാഘാതത്തിനോ മരണത്തിനോ വരെ കാരണമാകുകയും ചെയ്യും. എങ്കിലും പുതിയ ആന്റിവെനം മൂർഖൻ വിഷത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിലയിരുത്തൽ. ഈ പ്രോട്ടീനുകൾക്ക് പാമ്പിൻ വിഷത്തിലെ ത്രീ ഫിംഗർ ടോക്സീനുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 4.5 ദശലക്ഷം മുതൽ 5.4 ദശലക്ഷം വരെ ആളുകൾക്ക് പാമ്പുകടിയേൽക്കുന്നു. ഇതിൽ ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ മരണപ്പെടുന്നു. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി പാമ്പുകടിയേൽക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഈ ആന്റിവെനം അവസാന ഘട്ടത്തിലാണ്. പ്രോട്ടീനുകളടങ്ങിയ ഈ ആന്റിവെനം പാമ്പിൻ വിഷത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് പ്രതീക്ഷ. എ ഐയുടെ സഹായത്തോടെ രൂപകൽപ്പന ചെയ്യുന്ന ആന്റി ടോക്സിനുകൾ പരമ്പരാഗത ആന്റിവെനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും എളുപ്പത്തിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതുമാണ്.

കൂടാതെ ഇത് ശരീരത്തിൽ വളരെ വേഗത്തിൽ പ്രവർത്തിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച ഫലം കണ്ടതിനാൽ, ഇത് മനുഷ്യരിലും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കണ്ടുപിടിത്തം ലോകമെമ്പാടുമുള്ള പാമ്പുകടിയേറ്റ രോഗികൾക്ക് വലിയൊരാശ്വാസമാകും.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന ആന്റിവെനം, ആരോഗ്യരംഗത്ത് ഒരു പുതിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Story Highlights: ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ എഐയുടെ സഹായത്തോടെ പാമ്പുകടിയേറ്റവരെ ചികിത്സിക്കാൻ ആന്റിവെനം വികസിപ്പിക്കുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനകരമാകും.

Related Posts