മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേരുമാറ്റം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഗസറ്റ് വിജ്ഞാപനത്തോടെ ജില്ലയുടെ പുതിയ പേരായ അഹല്യാ നഗർ ഔദ്യോഗികമായി നിലവിൽവരും. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ദോർ ഭരിച്ചിരുന്ന അഹല്യാ ഭായ് ഹോൾക്കറുടെ ബഹുമാനാർഥമാണ് ഈ മാറ്റം വരുത്തിയത്. വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.
മഹാരാഷ്ട്രയിൽ പേരു മാറിയ മൂന്നാമത്തെ ജില്ലയാണ് അഹമ്മദ് നഗർ. നേരത്തെ ഔറംഗാബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നാക്കി മാറ്റിയിരുന്നു. ജില്ലയുടെ പേര് മാറ്റുന്നതില് സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി ഷിന്ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നന്ദി അറിയിച്ചു.
2023 മെയ് മാസത്തിൽ അഹമ്മദ് നഗറിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ജില്ലയുടെ പേരുമാറ്റം ആദ്യമായി പ്രഖ്യാപിച്ചത്. അഹല്യാഭായ് ഹോൾക്കറുടെ 298-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ, അഹമ്മദ് നഗർ ജില്ലയിലെ ചോണ്ടി ഗ്രാമത്തിൽ ജനിച്ച മറാഠാ രാജ്ഞിയുടെ പേരിൽ ജില്ലയുടെ പേര് മാറ്റുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Story Highlights: Maharashtra government approves renaming of Ahmednagar district to Ahilya Nagar, honoring 18th century ruler Ahilyabai Holkar