തമിഴ്നാട്ടിലെ ത്രിഭാഷാ നയത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, നടി കൂടിയായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടാണ് തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടത്. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്നാടിനെ അവഗണിക്കുകയാണെന്നും രഞ്ജന നാച്ചിയാർ ആരോപിച്ചു.
പാർട്ടി വിട്ടാലും പൊതുപ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കി. ഒരു തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ കഴിയില്ലെന്നും രഞ്ജന നാച്ചിയാർ പറഞ്ഞു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയവും ഹിന്ദി ഭാഷാ വിരുദ്ധ വികാരവും തമിഴ്നാട്ടിൽ ശക്തമാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെയും മറ്റു രാഷ്ട്രീയ കക്ഷികളും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെങ്കാശിയിലെ പാവൂർഛത്രം, തൂത്തുക്കുടിയിലെ ശരവണൻ കോവിൽ റെയിൽവേ സ്റ്റേഷനുകളിൽ ഹിന്ദിയിലെഴുതിയ ബോർഡുകൾ ഡിഎംകെ പ്രവർത്തകർ മായ്ച്ചു.
ഗിണ്ടിയിലെ പോസ്റ്റ് ഓഫീസിലും ബിഎസ്എൻഎൽ ഓഫീസിലും സമാന പ്രതിഷേധങ്ങൾ അരങ്ങേറി. കഴിഞ്ഞ ദിവസം രണ്ട് റെയിൽവേ സ്റ്റേഷനുകളിലെ ബോർഡുകളിലെ ഹിന്ദി മായ്ച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഡിഎംകെ വിദ്യാർത്ഥി വിഭാഗവും പ്രതിഷേധത്തിൽ പങ്കുചേർന്നു.
Story Highlights: Actress and Tamil Nadu Cultural Wing State Secretary Ranjana Nachiyaar resigned from BJP over the imposition of Hindi language.