കലാരംഗത്തെ സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടനും എൽഎയുമായ മുകേഷ് അഭിപ്രായപ്പെട്ടു. സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ലെന്നും അങ്ങനെ വന്നാൽ സിനിമ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറ്റിയ റോളുകൾ കഴിവിൻ്റെ അടിസ്ഥാനത്തിൽ തേടി വരുകയാണ് ഉണ്ടായിട്ടുള്ളതെന്നും താനും കലാകുടുംബത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രഞ്ജിത്തിൻ്റെ വിഷയത്തിൽ രാജിവെക്കണമെന്ന് താൻ പറയുന്നില്ലെന്നും പരാതിയുമായി തൻ്റെ മുന്നിൽ ആരും അടുത്ത കാലത്ത് വന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു. പുറത്ത് വന്ന കാര്യങ്ങളിൽ ഗവൺമെൻ്റ് ഇടപെടുമെന്നാണ് കരുതുന്നതെന്നും എന്തേലും ഉണ്ടേൽ വ്യക്തത വരുത്തി അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജിത്ത് രാജിവെച്ച് അന്വേഷണം നേരിടേണ്ടതല്ലേയെന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെ ആത്മവിശ്വാസമാണെന്നും അവർ തീരുമാനിക്കട്ടെയെന്നും മുകേഷ് വ്യക്തമാക്കി.
അതേസമയം, ബംഗാളി നടിയുടെ ആരോപണത്തില് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ഡിജിപിക്ക് പരാതി നല്കി. പാലേരി മാണിക്യം സിനിമയില് അഭിനയിക്കാന് എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്. എന്നാല് നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
Story Highlights: Actor Mukesh comments on allegations against Ranjith and power groups in Malayalam film industry