ബോളിവുഡിന്റെ താരസിംഹാസനത്തിൽ പ്രൗഢിയോടെ ഇരിക്കുമ്പോഴും അമിതാഭ് ബച്ചനെന്ന താരരാജാവ് കടക്കെണിയുടെ പടുകുഴിയിലേക്ക് വീണുപോയ ചരിത്രം മകൻ അഭിഷേക് ബച്ചൻ വെളിപ്പെടുത്തി. യുട്യൂബറായ രണ്വീര് അലഹ്ബാദിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചൻ മനസ് തുറന്നത്. കരിയറിന്റെ തുടക്കത്തിൽ ബച്ചൻ അഭിനയിച്ച മിക്ക സിനിമകളും ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും, പതിയെപ്പതിയെ സഹനടന്റെ വേഷത്തിലൂടെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. ഷോലെയിലെ ക്ഷുഭിതയൗവനത്തോടെ തലയെടുപ്പുമായി ബച്ചൻ തന്റെ ജൈത്രയാത്ര ആരംഭിച്ചു.
ഒരു കരിയറിന്റെ ഒരു ഘട്ടത്തില് അദ്ദേഹത്തിന്റെ നിര്മാണ കമ്പനിയായ അമിതാഭ് ബച്ചന് കോര്പറേഷന് ലിമിറ്റഡ് (എബിസിഎല്) പാപ്പരായി. ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് ബിഗ് ബിയുടെ പേരില് വന്നത്. അന്ന് വിദേശത്തായിരുന്ന താന് പഠനം നിര്ത്തി നാട്ടിലെത്തിയെന്നും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണംപോലും കണ്ടെത്താന് അച്ഛനായ അമിതാഭ് ബച്ചന് വിഷമിച്ചിരുന്നുവെന്നും അഭിഷേക് പറയുന്നു. തന്റെ സ്റ്റാഫിന്റെ കൈയില്നിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അച്ഛന് കണ്ടെത്തിയിരുന്നതായും അഭിഷേക് വെളിപ്പെടുത്തി.
അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അമിതാഭ് ബച്ചനും നേരത്തെ അഭിമുഖങ്ങളില് സംസാരിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും കടം തന്നവര് വീട്ടില് വന്ന് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും തനിക്ക് ഒരിക്കലും മറക്കാന് പറ്റില്ലെന്ന് അമിതാഭ് ബച്ചന് പറഞ്ഞിരുന്നു. ഇന്ന് 82ാം വയസിലും ചുറുചുറുക്കോടെ ആക്ഷൻ സീനുകൾ ചെയ്യുന്ന തിരക്കിലാണ് ബിഗ് ബി. അടുത്തിടെയിറങ്ങിയ കൽക്കി 2898 എഡി എന്ന ചിത്രത്തിൽ അശ്വത്ഥാമാവായെത്തി ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
Story Highlights: Abhishek Bachchan reveals Amitabh Bachchan’s financial struggles during ABCL bankruptcy