അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. റിയാദ് ക്രിമിനൽ കോടതി പത്താം തവണയാണ് കേസ് മാറ്റിവെച്ചത്. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റഹീമിന്റെ മോചന ഹർജി കോടതിയുടെ പരിഗണനയ്ക്കെത്തിയത് ഇത് പത്താം തവണയാണ്. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് കോടതി കേസ് മാറ്റിവെച്ചത്.
റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് രാവിലെ 11 മണിക്കാണ് കോടതി പരിഗണിച്ചത്. തുടർച്ചയായി കേസ് മാറ്റിവെക്കുന്ന സാഹചര്യത്തിൽ റഹീം സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി. ഏപ്രിൽ 14 ന് സൗദി സമയം രാവിലെ 8:30 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. എല്ലാ തവണയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ചത്. റഹീമിന്റെ മോചനത്തിനായി കുടുംബവും നാട്ടുകാരും കാത്തിരിക്കുകയാണ്.
Story Highlights: Abdul Rahim’s release from Riyadh jail delayed again as the criminal court postpones the case for the tenth time.