**കോഴിക്കോട്◾:** പത്തൊമ്പത് വർഷമായി സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും വിധി പറയുന്നത് മാറ്റിവച്ചു. അബ്ദുൽ റഹീമിനെതിരെയുള്ള കുറ്റകൃത്യത്തിൽ സൗദി കോടതി ഇതുവരെ തീർപ്പുകൽപ്പിച്ചിട്ടില്ല. റിയാദിലെ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പതിനൊന്നാം തവണയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30ന് കോടതി നടപടികൾ ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. ഇനി ജയിൽ മോചനം സംബന്ധിച്ച തീരുമാനം കോടതിക്കാണ്.
കേസ് നീണ്ടുപോകുന്ന സാഹചര്യത്തിൽ റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ മാസം ഗവർണറെ കണ്ടിരുന്നു. ഓൺലൈനിലൂടെയാണ് അബ്ദുൽ റഹീമും അഭിഭാഷകരും കോടതി നടപടിയിൽ പങ്കെടുത്തത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവച്ചത്.
മോചനം വൈകുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്ന് റഹീമിന്റെ അഭിഭാഷക ഡോ. റെന അറിയിച്ചു. ഒരു സൗദി ബാലന്റെ കൊലപാതക കേസിലാണ് അബ്ദുൽ റഹീം 19 വർഷമായി ജയിലിൽ കഴിയുന്നത്. കോടതിയുടെ തീരുമാനം വൈകുന്നത് റഹീമിനും കുടുംബത്തിനും ആശങ്ക സൃഷ്ടിക്കുന്നു.
Story Highlights: A Saudi Arabian court has once again postponed the verdict in the case of Abdul Rahim, a native of Kozhikode, who has been imprisoned in Riyadh for 19 years.