2022 ലോകകപ്പിനു ശേഷം ഖത്തറിനായി കളിക്കാൻ അവസരം ലഭിക്കാതിരുന്ന അബ്ദുൽ കരീം ഹസൻ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തുന്നു. ഒക്ടോബർ പത്തിന് കിർഗിസ്താനെയും, 15ന് ഇറാനെയും നേരിടാനുള്ള ഖത്തറിന്റെ 27 അംഗ ടീമിലേക്കാണ് പ്രതിരോധനിരയിലെ കരുത്തുറ്റ താരത്തെ കോച്ച് മാർക്വേസ് ലോപസ് ഉള്പ്പെടുത്തിയത്. ലോകകപ്പില് ഖത്തറിന്റെ തോല്വിയിൽ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ് താരം നടപടികൾ നേരിടേണ്ടിവന്നത്. ഇതോടെ ദേശീയ ടീമിലെയും അല് സദ്ദ് ക്ലബിലെയും ഇടം ഹസന് നഷ്ടമായി.
തുടർന്ന് കുവൈത്തിലേക്കും ഇറാനിലേക്കും കൂടുമാറിയ അബ്ദുല് കരീം, അല് സദ്ദുമായുള്ള മഞ്ഞുരുക്കത്തിനു പിറകെ ഈ സീസണില് അല് വക്റ എഫ്.സിയിലൂടെ വീണ്ടും ഖത്തറില് തിരികെയെത്തി. 2022 ലോകകപ്പിനുശേഷം ആദ്യമായാണ് 31കാരനായ അബ്ദുല് കരീം ദേശീയ ടീമില് തിരികെയെത്തുന്നത്. യോഗ്യത റൗണ്ടിലെ ആദ്യ മത്സരങ്ങളില് യു.എ.ഇയോട് തോല്കുകയും, രണ്ടാം മത്സരത്തില് ഉത്തര കൊറിയയോട് സമനില വഴങ്ങുകയും ചെയ്ത ഖത്തറിന് ശേഷിക്കുന്ന മത്സരങ്ങളില് വിജയം അനിവാര്യമാണ്.
ഈ ഘട്ടത്തിലാണ് കരുത്തരെ അണിനിരത്തി കോച്ച് ടീമിനെ ഒരുക്കുന്നത്. ബൗലം ഖൗഖി തിരികെ എത്തിയപ്പോള്, പരിക്കേറ്റ പെട്രോ മിഗ്വേല് പുറത്തായി. അതേസമയം, അല് തുമാമ സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള് ക്യൂ.എഫ്.എ ഓണ്ലൈൻ പ്ലാറ്റ്ഫോം വഴി വില്പന ആരംഭിച്ചു. 10, 30 റിയാല് നിരക്കില് ടിക്കറ്റുകള് ലഭ്യമാണ്.
Story Highlights: Abdelkarim Hassan returns to Qatar national team for World Cup qualifiers