ആലത്തൂര് എംപി കെ രാധാകൃഷ്ണന്റെ ഓഫീസ് സ്ഥാപിച്ചതിനെ ചൊല്ലി മുന്നണിക്കകത്ത് നിന്ന് തന്നെ വിമര്ശനം ഉയര്ന്നിരിക്കുകയാണ്. എഐവൈഎഫ് ആലത്തൂര് മണ്ഡലം കമ്മറ്റിയാണ് ഇക്കാര്യത്തില് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ എംപി ഓഫീസ് പ്രവര്ത്തിക്കുന്നത് സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസിലാണെന്നും ഇത് പൊതുജനതാല്പര്യത്തിന് വിരുദ്ധമാണെന്നുമാണ് എഐവൈഎഫിന്റെ വിമര്ശനം.
കെ രാധാകൃഷ്ണന് എല്ഡിഎഫിന്റെ മാത്രം എംപി അല്ലെന്നും എല്ലാ വിഭാഗം ജനങ്ങള്ക്കും എത്തിപ്പെടാന് പറ്റുന്ന ഓഫീസ് തിരഞ്ഞെടുക്കണമായിരുന്നുവെന്നും എഐവൈഎഫ് ആവശ്യപ്പെടുന്നു. സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസായ കെ മാധവന് സ്മാരക മന്ദിരത്തിലെ എംപി ഓഫീസിലേക്ക് മറ്റ് പാര്ട്ടികളില്പ്പെട്ട സാധാരണക്കാര് കടന്ന് വരാന് താത്പര്യപ്പെടില്ലെന്നാണ് എഐവൈഎഫ് പറയുന്നത്. എംപി ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നെന്നും എഐവൈഎഫ് പുറത്തിറക്കിയ പത്രക്കുറിപ്പില് പറയുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും എംപി ഓഫീസ് തുറക്കാത്തതിനെതിരെയും എഐവൈഎഫ് നിലപാടെടുത്തിരുന്നു. മുതിര്ന്ന നേതാക്കളില് ചിലര് നേരിട്ട് കെ രാധാകൃഷ്ണനെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. ഈ വിഷയത്തില് എംപിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
Story Highlights: AIYF criticizes K Radhakrishnan MP’s office location in CPI(M) party building