**പൂഞ്ച് (ജമ്മു കശ്മീർ)◾:** ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് മടങ്ങിയെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മോദിയുടെ മടക്കം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്യും. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ആയിരുന്നു പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച.
ഡൽഹിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു. അജിത് ഡോവൽ, എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കരും ഇന്ത്യയിലേക്ക് മടങ്ങി.
ജമ്മുകശ്മീരിന്റെ വിവിധ മേഖലകളിൽ സൈന്യവും പൊലീസും ചേർന്ന് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. 28 പേർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വച്ചാണ് സൈനിക വേഷത്തിലെത്തിയവർ വെടിയുതിർത്തത്.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.
കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദർശിക്കും. ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കുമെന്നാണ് വിവരം.
Story Highlights: Following a terror attack, PM Modi cut short his Saudi visit and returned to India for an emergency meeting.