മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ത്രിഭാഷാ നയത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. മൂന്നാം ഭാഷയായി ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാമെന്നാണ് പുതിയ തീരുമാനം.
മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കിയ ഉത്തരവാണ് വിവാദമായത്. പാഠപുസ്തകങ്ങൾ കത്തിക്കുമെന്ന് എംഎൻഎസ് തലവൻ രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഉദ്ധവ് സേന അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചിരുന്നു.
സംസ്ഥാനത്ത് മറാത്തി മാത്രമാണ് നിർബന്ധിത ഭാഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പഠിക്കുന്ന മൂന്ന് ഭാഷകളിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണമെന്നാണ് പുതിയ വിദ്യാഭ്യാസ നയം. എന്നാൽ മൂന്നാം ഭാഷ ഹിന്ദി തന്നെ വേണമെന്നില്ല. മലയാളം, തമിഴ്, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ഭാഷയായി ഒരു പ്രത്യേക ഭാഷ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം 20 എങ്കിലും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് ഹിന്ദി അധ്യാപകരുണ്ടെങ്കിലും പ്രാദേശിക ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപത് കുട്ടികളെങ്കിലും ഒരു ഭാഷ പഠിക്കാൻ ഉണ്ടെങ്കിൽ മാത്രമേ പ്രത്യേക അധ്യാപകരെ നിയമിക്കാനാകൂ.
കുറഞ്ഞ എണ്ണം കുട്ടികൾ മാത്രം ഒരു പ്രാദേശിക ഭാഷ പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ചാൽ ഒൺലൈൻ പഠനം പരിഗണിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ത്രിഭാഷാ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
Story Highlights: Maharashtra government withdraws the mandatory Hindi language policy in schools after widespread protests.