തിരുവനന്തപുരം◾: പതിനാറ് വർഷത്തിനു ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയായി. ഏപ്രിൽ 23ന് തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂളിൽ വെച്ച് പുതുക്കിയ പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്കരിച്ചത്.
പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഏപ്രിൽ 23ന് നടക്കും. കഴിഞ്ഞ വർഷം പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്കരിച്ച രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ‘ഹെൽത്തി കിഡ്സ്’ എന്ന പ്രത്യേക പുസ്തകവും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും ലഭ്യമാക്കിയിട്ടുണ്ട്. കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രത്യേക പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്.
രണ്ട് വർഷം കൊണ്ട് ആകെ 443 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലായി 238 ടൈറ്റിലുകളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലായി 205 ടൈറ്റിലുകളുമാണ് പരിഷ്കരിച്ചത്. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കും.
Story Highlights: Kerala’s public education sector has completed a comprehensive curriculum revision after 16 years, with new textbooks set to be released on April 23.