ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പിലേക്കെന്ന് സൂചന. സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന നിർമ്മാതാവിന്റെ ആവശ്യത്തെ തുടർന്നാണ് ഈ നീക്കം. ഷൈൻ ടോം ചാക്കോയും കുടുംബവും ഇൻറേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ ക്ഷമാപണം നടത്തിയതായാണ് റിപ്പോർട്ട്.
മാധ്യമങ്ങളാണ് വിഷയം ഊതിപ്പെരുപ്പിച്ചതെന്ന് ഷൈനിന്റെ കുടുംബം ഐസിസിയോട് പറഞ്ഞു. തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് വിവരം. വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ എന്ന് സിനിമ സംഘടനകൾ വ്യക്തമാക്കി.
നിലവിലെ ഐസിസി, സിനിമ സംഘടനകളുടെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്ന് വിൻസി പ്രതികരിച്ചിരുന്നു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതൽ താൻ പറയുന്നതാണെന്നും വിൻസി വ്യക്തമാക്കി. ഐസിസിക്ക് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോടാണ് വിൻസി ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഹരി കേസിൽ ഷൈനിനെതിരെ പോലീസ് നടപടികൾ വന്നതിന് പിന്നാലെയാണ് സിനിമാ സംഘടനകളും തിരക്കിട്ട നടപടികളിലേക്ക് കടന്നത്. പരാതി പിൻവലിച്ചാൽ വിഷയം അതോടെ അവസാനിപ്പിക്കാമെന്ന നിലപാടിലാണ് ഫിലിം ചേമ്പർ. സൂത്രവാക്യം സിനിമയുടെ നിർമ്മാതാവ് ഫിലിം ചേമ്പറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം ചേർന്നതിന് ശേഷമായിരിക്കും ഫിലിം ചേമ്പർ തുടർ നടപടികളിലേക്ക് കടക്കുക. പരാതികൾ സിനിമ പ്രമോഷനെ പ്രതികൂലമായി ബാധിച്ചെന്നും വിൻസി ആരോടാണ് പരാതി പറഞ്ഞതെന്ന് അറിയില്ലെന്നും സൂത്രവാക്യം നിർമ്മാതാവ് പ്രതികരിച്ചിട്ടുണ്ട്. വിൻസി നിയമനടപടികളിലേക്ക് പോകില്ലെന്ന് ആവർത്തിച്ചു.
Story Highlights: Actress Vincy Aloshious’s complaint against actor Shine Tom Chacko is likely heading towards a settlement.