ലോകമെമ്പാടുമുള്ള വിശ്വാസികള്ക്ക് മാത്രമല്ല, നീതിക്കുവേണ്ടി ദാഹിക്കുന്ന ഏവര്ക്കും ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം വലിയൊരു നഷ്ടമാണ്. യുദ്ധങ്ങള്ക്കും അടിമത്തത്തിനുമെതിരെ നീതിയുടെ വെളിച്ചം പകര്ന്ന മാര്പാപ്പ, പലസ്തീന് ജനതയ്ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും, ഗസ്സയിലെ ജനങ്ങളുടെ ദുരിതത്തില് ഉള്ളുരുകുകയും ചെയ്തു. പാവങ്ങള്, കുടിയേറ്റക്കാര്, അഭയാര്ത്ഥികള്, തൊഴിലാളികള്, വംശീയ വെറിയുടെ ഇരകള് എന്നിവരെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില് ഇടം നേടി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്ക്കുവേണ്ടിയും അദ്ദേഹം ശബ്ദമുയര്ത്തി.
\n
മാനവികതയുടെ ആള്രൂപമായിരുന്ന ഫ്രാന്സിസ് മാര്പാപ്പയ്ക്കൊപ്പം ഒരു കാലം പങ്കിടാനായത് ഈ തലമുറയുടെ പുണ്യമാണ്. സ്നേഹത്തിലേക്ക് മാത്രം ചെന്നെത്താവുന്ന വഴികള് തെളിച്ച നല്ലിടയന്റെ വിയോഗം വിശ്വാസി സമൂഹത്തിന്റെ മാത്രമല്ല, നീതിക്കായി ദാഹിക്കുന്ന ലോകത്തിന്റൊകെ നഷ്ടമാണ്. 1936 ഡിസംബര് 17-ന് അര്ജന്റീനയില് ജനിച്ച ഹോഹെ മരിയോ ബെര്ഗോളിയോ എന്ന ഫ്രാന്സിസ് മാര്പാപ്പ, ലോകത്തിന് സമാധാനത്തിന്റെ വെളിച്ചം പകരാന് ദൈവത്താല് തിരഞ്ഞെടുക്കപ്പെട്ടു.
\n
സുരക്ഷാ ജീവനക്കാരനായും, കെമിസ്റ്റായും, മെയിന്റനന്സ് തൊഴിലാളിയായും ജോലി ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം. 21-ാം വയസ്സില് ന്യൂമോണിയ ബാധയെത്തുടര്ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു. 1958-ല് ജസ്യൂട്ട് സംഘത്തില് ചേര്ന്ന അദ്ദേഹം, 1969-ല് വൈദികപട്ടം സ്വീകരിച്ചു. 1998-ല് ബ്യൂണസ് അയേഴ്സിലെ ആര്ച്ച് ബിഷപ്പായി.
\n
2001-ല് ജോണ് പോള് രണ്ടാമന് മാര്പാപ്പ അദ്ദേഹത്തെ കര്ദിനാളാക്കി. ശാരീരിക അവശതകള് കാരണം ബെനഡിക്ട് പതിനാറാമന് മാര്പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്, 2013 മാര്ച്ച് 13-ന് ഫ്രാന്സിസ് മാര്പാപ്പ ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് മാര്പാപ്പയായി സ്ഥാനാരോഹണം ചെയ്തു. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന് ഭൂഖണ്ഡത്തില് നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്പാപ്പയും, ജെസ്യൂട്ട് സഭയില് നിന്നുള്ള ആദ്യ മാര്പാപ്പയുമായിരുന്നു അദ്ദേഹം.
\n
കരുതലിന്റേയും സഹജീവനത്തിന്റേയും സന്ദേശം മുഴക്കിയ ഫ്രാന്സിസ് മാര്പാപ്പ, സ്നേഹത്തിന്റെ പ്രതിപുരുഷനായിരുന്നു. മതങ്ങള്ക്കിടയിലെ ആശയവിനിമയത്തെ പിന്തുണച്ച അദ്ദേഹം, കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്, വംശീയ അതിക്രമങ്ങള് തുടങ്ങിയ വിഷയങ്ങളിലെല്ലാം മാനവികതയുടെയും പുരോഗമനത്തിന്റെയും പക്ഷത്തുനിന്നു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തിന്റെ കെടുതി നേരിട്ടവര്ക്കൊപ്പമായിരുന്നു ഫ്രാന്സിസ് പാപ്പായുടെ ഹൃദയം.
\n
ട്രംപിന്റെ കുടിയേറ്റ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം, മനുഷ്യരെ മനുഷ്യരായി പരിഗണിക്കാന് ദൈവത്തിന്റെ നാമത്തില് നിരന്തരം ആവശ്യപ്പെട്ടു. അത്യാഡംബരത്തിന്റെ പളപളപ്പിനോട് മുഖം തിരിച്ചുനിന്ന മാര്പാപ്പ, ഉരുള്പൊട്ടലില് വയനാട്ടിലെ ജീവിതങ്ങള്ക്ക് വേണ്ടിയും പ്രാര്ത്ഥിച്ചു. ലോകം കഠിനമായി കടന്നുപോയ കാലഘട്ടത്തില്, സ്നേഹത്തിന്റെ പ്രാര്ത്ഥനാ ഗീതങ്ങളുമായി മുറിവൊപ്പിയ ആ സ്നേഹവായ്പിന്റെ നഷ്ടം എങ്ങനെ മറികടക്കുമെന്ന് അറിയാത്ത വേദനയിലാണ് വിശ്വാസികള്.
Story Highlights: Pope Francis, a former bouncer, chemist, and maintenance worker, became the 266th Pope of the Catholic Church, advocating for peace and justice throughout his life.