സിനിമാ മേഖലയിൽ മാറ്റം വരുത്തണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും നടി വിൻസി അലോഷ്യസ്. തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്നും നടി ആവശ്യപ്പെട്ടു. ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും വിൻസി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സിനിമയിൽ ഇനി ആവർത്തിക്കരുതെന്നും അതാണ് തനിക്ക് വേണ്ട ഏക ഉറപ്പെന്നും നടി കൂട്ടിച്ചേർത്തു.
ഇന്റേണൽ മോണിറ്ററിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും വിൻസി അറിയിച്ചു. നൽകിയിരിക്കുന്ന പരാതിയിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് കമ്മിറ്റി പരിശോധിക്കുമെന്നും തുടർ നടപടികൾ അതിനുശേഷം ഉണ്ടാകുമെന്നും നടി വ്യക്തമാക്കി. പരാതി ചോർന്നതിൽ സജി നന്ത്യാടിന് പങ്കില്ലെന്നും സജിക്ക് പങ്കുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പേര് പരാമർശിച്ചതെന്നും വിൻസി പറഞ്ഞു. ഈ തെറ്റിദ്ധാരണയ്ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും മാലാ പാർവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം, ഷൈൻ ടോം ചാക്കോക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിൻസി നൽകിയ പരാതിയിൽ സിനിമ സംഘടനകളുടെ യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി. ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കും.
സിനിമ മേഖലയിൽ പരിശോധനകൾ ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു. ലഹരി ഇടപാടുകാരൻ സജീറിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷൈൻ ടോം ചാക്കോ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ മാത്രമേ വീണ്ടും വിളിപ്പിക്കുകയുള്ളൂവെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ അറസ്റ്റും വകുപ്പുകളും ചുമത്തുന്ന കാര്യത്തിൽ രാസപരിശോധനാ ഫലം ലഭിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Actress Vincy Aloshious seeks resolution within the film industry for her complaint against actor Shine Tom Chacko, opting not to pursue legal action.