പത്തനംതിട്ട◾: കോന്നി ആനക്കൂട്ടിൽ നാലു വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സുരക്ഷാ പരിശോധനകളിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് നടപടി സ്വീകരിച്ചത്. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാർ, സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്.
വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരമാണ് നടപടി. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിരിക്കുന്നത്. ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെയും സ്ഥലം മാറ്റിയേക്കുമെന്നാണ് വിവരം.
അടൂർ കടമ്പനാട് സ്വദേശിയായ നാലുവയസ്സുകാരൻ കുടുംബത്തോടൊപ്പം ആനക്കൂട്ടിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടം. ഉപയോഗശൂന്യമായ കോൺക്രീറ്റ് തൂണുകൾ ബലക്ഷയം സംഭവിച്ചിട്ടും നീക്കം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ആനക്കൊട്ടിലിൽ നിശ്ചിത ഇടവേളകളിൽ നടത്തേണ്ട സുരക്ഷാ പരിശോധനകളിൽ വീഴ്ച പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആനക്കൊട്ടിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കുട്ടിയുടെ സംസ്കാരം നാളെ കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.
Story Highlights: Five forest officials suspended after a four-year-old dies in a concrete pillar collapse at Konni Elephant Shelter.