സംസ്ഥാന സർക്കാർ വനിതാ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ 45 പേർക്ക് കൂടി നിയമന ശുപാർശ നൽകി. 341 ഒഴിവുകളിൽ 296 പേർക്ക് നേരത്തെ നിയമന ശുപാർശ നൽകിയിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ബാക്കിയുള്ള 45 പേർക്കും നിയമന ശുപാർശ ലഭിച്ചത്. നിലവിൽ പോലീസ് സേനയിൽ 13% വനിതാ പ്രാതിനിധ്യമാണുള്ളത്.
\n
2025 ജൂൺ വരെയുള്ള പ്രതീക്ഷിത ഒഴിവുകളും 64 എൻ.ജെ.ഡി ഒഴിവുകളും ഉൾപ്പെടെ 341 വനിതാ പോലീസ് കോൺസ്റ്റബിൾ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ നേരത്തെ 296 ഉദ്യോഗാർത്ഥികളെ അഡ്വൈസ് ചെയ്തിരുന്നു. ഇവരിൽ 204 പേരുടെ പരിശീലനം കേരള പോലീസ് അക്കാദമിയിൽ നടന്നുവരികയാണ്.
\n
വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിനായി എല്ലാ ജില്ലകളിലും ബറ്റാലിയനുകളിലും ഉണ്ടാകുന്ന ഒഴിവുകൾ 9:1 എന്ന അനുപാതത്തിൽ പുരുഷ-വനിതാ കോൺസ്റ്റബിൾ നിയമനം നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്. 674 ഒഴിവുകളിൽ പകുതിയും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മുഴുവൻ നിയമന ശുപാർശയും സർക്കാർ നൽകിയത്.
\n
സർക്കാരിന്റെ നയം സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടം ഘട്ടമായി 15% ആയി ഉയർത്തുക എന്നതാണ്. നിലവിൽ സേനയിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരിൽ രണ്ടു പേർ ഒഴികെ എല്ലാവരും 2002-നു ശേഷമാണ് സർവീസിൽ പ്രവേശിച്ചത്. ഇക്കാരണത്താൽ വിരമിക്കൽ മൂലമുള്ള പ്രതീക്ഷിത ഒഴിവുകൾ ഉണ്ടാകില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് വരെ ഇനിയും ഒഴിവുകൾ ഉണ്ടാകുന്നപക്ഷം അവ യഥാസമയം റിപ്പോർട്ട് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കും.
Story Highlights: The Kerala government has issued appointment recommendations to 45 more candidates from the women police constable rank list, fulfilling all 341 vacancies before the list’s expiry.