ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രട്ട് ഹാർട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന ഓശാന ഞായറാഴ്ചയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ക്രൈസ്തവരുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും മേലുള്ള സംഘ്പരിവാർ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് വിലക്കേർപ്പെടുത്തിയത്. ഈ നടപടി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരമായ ഭിന്നിപ്പുണ്ടാക്കി വർഗീയത വളർത്തി ഭരണം നിലനിർത്തുക എന്ന തന്ത്രമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. കേരളത്തിലെ ക്രൈസ്തവ വീടുകളിൽ ഈസ്റ്ററിന് കേക്കുമായി എത്തുന്ന ബി.ജെ.പിയും സംഘ്പരിവാറുമാണ് രാജ്യത്ത് ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ജബൽപൂരിൽ ഉൾപ്പെടെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതും ഇതേ സംഘ്പരിവാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാ അവകാശങ്ങൾ റദ്ദാക്കുന്ന ബി.ജെ.പി- സംഘ്പരിവാർ ഭരണകൂടങ്ങളുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് വി ഡി സതീശൻ വിമർശിച്ചു. ഡൽഹി പോലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: V.D. Satheesan criticized the Delhi Police for denying permission for the traditional Palm Sunday procession in Delhi.