‘ലൂസിഫറി’ൽ താൻ ചിതയ്ക്ക് തീ കൊളുത്താമെന്ന് മഞ്ജു വാരിയരുടെ പ്രിയദർശിനി രാംദാസ് പറയുന്നത് കേട്ട് സായ് കുമാറിന്റെ മഹേഷ് വർമ ഒരു പെണ്ണ് എങ്ങനെ ചിതയ്ക്ക് തീ കൊളുത്തുമെന്ന തരത്തിൽ അതിശയോക്തി പ്രകടിപ്പിക്കുമ്പോൾ പെണ്ണാണെങ്കിൽ എന്താ കുഴപ്പമെന്ന് പ്രിയദർശിനി തിരിച്ചു ചോദിക്കുന്നുണ്ട്. അവിടെ ആ കഥാപാത്രത്തിന്റെ കരുത്തും കൃത്യമായ രാഷ്ട്രീയ ബോധവും സിറ്റുവേഷണൽ മെച്ചൂരിറ്റിയും പ്രകടമാകുന്നുണ്ട്. മുരളി ഗോപിയുടെ എഴുത്തിനും പൃഥ്വിരാജിന്റെ സംവിധാനത്തിനുമപ്പുറം മഞ്ജു വാരിയരിലെ അസാമന്യ മികവുള്ള അഭിനേത്രിയുടെ സാന്നിധ്യമാണ് അവിടെ ആ ഡയലോഗിനെ പൂർണതയിൽ എത്തിച്ചത്.
അതൊഴിച്ചാൽ അതിനു ശേഷം കാര്യമായൊന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രം മാത്രമായി പ്രിയദർശനി ഒതുങ്ങിപ്പോയിരുന്നു. ‘നീ എന്റെ കൊച്ചിനെ തൊടുമോടാ’യെന്ന് ബോബിയോട് ചോദിക്കുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം ‘തൊടും’ എന്ന ഒറ്റ മറുപടി കൊണ്ട് ബോബിയുടെ കഥാപാത്രം ഇല്ലാതാക്കുന്നുണ്ട് അതിനു ശേഷം തനിക്കൊന്നും ചെയ്യാനില്ലെന്നും അച്ഛന്റെയോ അനുജന്റെയോ സ്റ്റീഫന്റെയോ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ തനിക്കു നിലനിൽപ്പുള്ളൂവെന്ന തരത്തിലാണ് കഥാപാത്രം എഴുതി വച്ചിരിക്കുന്നത്. കേരളീയ പൗരുഷത്തിന്റെ അടയാളമായി വാഴ്ത്തപ്പെട്ട ഒരു നടനു വേണ്ടി ഉണ്ടാക്കിയെടുത്ത സിനിമയിൽ മഞ്ജു വാരിയർ എന്ന ടോപ് സ്കിൽഡ് അഭിനേത്രിയ്ക്ക് നല്ലൊരു കഥാപാത്രം ലഭിച്ചുവെന്നതിലുപരി മറ്റൊന്നും അവകാശപ്പെടാനില്ല.
എന്നാൽ ‘എമ്പുരാനി’ലേക്കെത്തുമ്പോൾ മഞ്ജു വാരിയർ മിന്നുന്നുണ്ട്. ഇടയ്ക്ക് ഒറ്റയ്ക്ക് സിനിമ മൊത്തത്തിൽ അപ് ചെയ്യുന്നുണ്ട്. ഒരു പക്ഷേ ഏറ്റവും മികച്ച രീതിയിൽ മുരളി ഗോപി എഴുതിയുണ്ടാക്കിയ സ്ത്രീ കഥാപാത്രം പ്രിയദർശിനിയാണെന്ന് വിലയിരുത്തപ്പെട്ടാൽപ്പോലും അത്ഭുതമില്ല.
സിനിമയിലെ ഒരു നിർണായക ഘട്ടത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ നിർദ്ദേശാനുസരണമാണ് പ്രിയദർശനി നിർണായക തീരുമാനം എടുക്കുന്നതെങ്കിൽ കൂടി പ്രിയദർശനിയെന്ന വ്യക്തത്വമുള്ള കഥാപാത്രം വ്യക്തമായി ചിന്തിച്ചും പഠിച്ചുമാണ് ആ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന തരത്തിലാണ് സിനിമയുടെ എഴുത്ത്. മഞ്ജു വാരിയരുടെ മികവ് കൂടിയായപ്പോൾ അത് നൂറ് ശതമാനവും ‘കൺവിൻസിംഗ് സ്റ്റഫ്’ ആയി പരിണമിച്ചു. ഇത്രയേറെ സ്വാഗ് പ്രകടമാകുന്ന രീതിയിൽ മഞ്ജു വാരിയരുടെ കഥാപാത്രം വരുന്നത് കുറേക്കാലത്തിനു ശേഷം ഇതാദ്യമാണ്.
ഒരുപക്ഷേ ‘ഹൗ ഓർഡ് ആർ യൂ’വിലെ പ്രസംഗം രംഗം നൽകിയതിനേക്കാൾ ആവേശവും രോമാഞ്ചവും ഇതിലെ ഒരു സീനിൽ ലഭിക്കുന്നുണ്ട്. മാത്രമല്ല മലയാള സിനിമയിലെ മറ്റൊരു നടിക്കും ലഭിക്കാത്ത തരത്തിലുള്ള സ്ക്രീൻ പ്രസൻസും. മലാളത്തിൽ ഇങ്ങനെയൊരു നടിയുണ്ടെന്ന് മറ്റു ഭാഷകളിൽ കൂടുതൽ ചർച്ചയാകാൻ ‘എമ്പുരാൻ’ സഹായിച്ചേക്കും.
ഇതിനകം തന്നെ തമിഴിൽ മഞ്ജു വാരിയർ കഥാപാത്രൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെ ‘ഞങ്ങൾക്കിങ്ങനെയൊരു ഉഗ്രൻ നടിയുണ്ട്’ എന്ന സ്റ്റേറ്റ്മെന്റ് പ്രകടമാകുന്ന രീതിയിലാണ് പൃഥ്വിരാജ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘ലൂസിഫർ 3’യിൽ ഒരുപക്ഷേ കൂടുതൽ കരുത്തുള്ള പ്രിയദർശനിയെ നമുക്ക് കാണാൻ സാധിച്ചേക്കും. മറ്റൊന്ന് മഞ്ജു വാരിയരെ തേടി ഇനിയെത്താൻ സാധ്യതയുള്ള മറ്റു ഭാഷകളിലെ കഥാപാത്രങ്ങളാണ്.
അത് മലയാള സിനിമയ്ക്കും നടിമാർക്കും ഗുണമേ ചെയ്യൂ. Story Highlights:
Manju Warrier shines in Empuraan, delivering a powerful performance as Priyadarshini, a character with greater depth and agency than her role in Lucifer.