കോട്ടയം: ലഹരിവിരുദ്ധ സന്ദേശവുമായി എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം വിജയകരമായി പൂർത്തിയാക്കി. വൈക്കത്തുനിന്നും ആരംഭിച്ച യാത്ര രണ്ടു ദിവസത്തെ പര്യടനത്തിനൊടുവിൽ പാലായിൽ സമാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ യാത്രയിൽ പങ്കുചേർന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങളിൽ ലഹരിവിരുദ്ധ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലയിലാണ് യാത്രയുടെ അടുത്ത ലക്ഷ്യസ്ഥാനം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് മങ്ങാട്ടുകവലയിൽ സമാപിക്കും. ഇടുക്കിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ അൽ അസർ കോളേജ്, സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലും യാത്ര സന്ദർശനം നടത്തും. ആർ ശ്രീകണ്ഠൻ നായർ വിദ്യാർത്ഥികളുമായി സംവദിക്കും.
അൽ അസർ കോളേജിൽ രാവിലെ 11. 30നാണ് പരിപാടി. ചരിത്ര പ്രാധാന്യമുള്ള കുടിയേറ്റ മേഖലയായ മൂലമറ്റത്തെ സെന്റ് ജോസഫ് കോളേജിൽ ഉച്ചക്ക് 2. 30ന് യാത്ര എത്തിച്ചേരും.
വൈകിട്ട് 5. 30 ഓടെ മങ്ങാട്ടുകവലയിൽ പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും. തുടർന്ന് 28ന് എറണാകുളം ജില്ലയിലേക്ക് യാത്ര തിരിക്കും. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പിന്തുണ യാത്രയ്ക്ക് ലഭിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും യാത്ര സന്ദർശനം നടത്തും.
Story Highlights: The SKN 40 Kerala Yatra, focused on anti-drug awareness, successfully completed its tour of Kottayam district and is set to continue in Idukki.