ഹെലികോപ്ടറിൽ പറന്നിറങ്ങുന്ന അബ്രാം ഖുറേഷിയുടെ ചിത്രം വൈറലായതിന് പിന്നാലെ മോഹൻലാലിൻ്റെ അടുത്ത ചിത്രത്തിലെ സ്പ്ലെൻഡർ ബൈക്കിലെ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ തുടരും എന്ന സിനിമയുടെ സംവിധായകൻ ലോകം കീഴടക്കാൻ കെല്പുള്ള കഥാപാത്രത്തിൽ നിന്നും സാധാരണ ഓട്ടോ ഡ്രൈവറായ ഷൺമുഖം ആയി വരുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളി സംബന്ധിച്ച് തമാശ രൂപേണ അതിശയോക്തി പ്രകടിപ്പിച്ചിരുന്നു. പൃഥ്വിരാജുമായുള്ള വാട്സ്ആപ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തായിരുന്നു തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി അതിശയോക്തി പ്രകടിപ്പിച്ചത്.
ഇന്നിതാ എമ്പുരാൻ ടീമിന് ആശംസ അറിയിച്ച് തരുൺ മൂർത്തി ഷെയർ ചെയ്ത പോസ്റ്റർ രസക്കാഴ്ചയായി. ഷൺമുഖവും സുഹൃത്തും സഞ്ചരിക്കുന്ന സ്പ്ലെൻഡർ ബൈക്കിൽ അബ്രാം ഖുറേഷിയും സയ്യിദ് മസൂദും(പൃഥ്വിരാജ്) സഞ്ചരിക്കുന്ന ചിത്രം ഭാവനയിൽ ആവിഘ്കരിച്ചാണ് വേറിട്ട രീതിയിൽ തുടരും ടീം എമ്പുരാൻ ടീമിന് ആശംസ അറിയിച്ചത്. “പറപ്പിക്ക് പാപ്പാ…” എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.
എമ്പുരാൻ്റെ ബ്രഹ്മാണ്ഡ റിലീസിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായ തുടരും മേയിൽ ആണ് റിലീസ് ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാലിൻ്റെ നായികയായി ശോഭന എത്തുന്ന ചിത്രമാണിത്. മോഹൻലാലിന് വേണ്ടി എം.ജി. ശ്രീകുമാർ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Story Highlights: The team behind Mohanlal’s ‘Thuramukham’ extended a unique wish to the ‘Empuraan’ team through a creative poster featuring characters from both films.