ആശാ വർക്കർമാരുടെ സമരത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്ന് മന്ത്രി വിമർശിച്ചു. സെക്രട്ടേറിയറ്റിലുള്ള മന്ത്രി വനിത ആയിരിന്നിട്ട് പോലും തങ്ങളെ കാണാൻ ഒന്ന് വന്നില്ലെന്ന് ആശാ വർക്കർമാർ പറഞ്ഞു. നേരിട്ട് വന്നിരുന്നെങ്കിൽ പരിഹസിക്കുന്ന മന്ത്രിക്ക് ഞങ്ങളുടെ അവസ്ഥ ബോധ്യമാകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വന്നപ്പോൾ മണി മുറ്റത്താവണി പന്തൽ പാട്ട് പാടിയെന്നും അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആശാ വർക്കർമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോൾ തന്നെ തങ്ങൾക്ക് നട്ടെല്ലുണ്ടെന്ന് മനസിലായെന്ന് സമരം ചെയ്യുന്ന ആശാ വർക്കർമാർ പറഞ്ഞു. രണ്ട് മിനിറ്റ് നടന്നാൽ മന്ത്രി ആർ ബിന്ദുവിന് സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ആവശ്യങ്ങൾ നേരിട്ട് ചോദിക്കാമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുന്നുവെന്നും നല്ല വാർത്തകൾ കൊടുക്കണമെന്നും മന്ത്രി ഉപദേശിച്ചു.
ആവശ്യമുള്ള കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് സമയാസമയം കൈപറ്റുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാരെന്നും അപ്പോൾ അവർ അത് ചെയ്യണമെന്നും സമരക്കാർ പറഞ്ഞു. ആക്ഷേപവും പരിഹാസവും തുടർന്നോളൂ, അത് ജനങ്ങൾ വിലയിരുത്തിക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തെ സാമ്പത്തികമായി തകർക്കാൻ ആസൂത്രിതമായി നടക്കുന്ന സമരമാണിതെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ വിമർശനം.
ചിലരുടെ കയ്യിലെ പാവയായി തീരാതിരിക്കാൻ ആശാ വർക്കർമാർ ശ്രദ്ധിക്കണമെന്നും ഇ പി ജയരാജൻ വിമർശിച്ചു. കേരളം സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണെന്നും ഇത്തരത്തിൽ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ അതിനുമേൽ ഒരു പ്രതിസന്ധി കൂടി സൃഷ്ടിച്ചെടുക്കാനും ജനങ്ങളിൽ അസംതൃപ്തി പടർത്താനും ആസൂത്രിതമായി നടത്തുന്ന സമരമാണ് ഇപ്പോൾ ആശാ വർക്കർമാരുടെ പേരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാരുടെ കൂട്ട ഉപവാസ സമരം.
Story Highlights: Asha workers in Kerala criticize Minister R Bindu’s remarks on their ongoing protest, demanding better working conditions and benefits.