മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ട്രെയിലർ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാത്രി 12 മണിക്ക് റിലീസ് ചെയ്ത മലയാളം ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ മില്യൺ കണക്കിന് വ്യൂസ് നേടി. ജനുവരി 26ന് പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാർച്ച് 27ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മൂന്ന് ഭാഗങ്ങളായി പറയുന്ന കഥയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
മലയാള സിനിമയിലെ ആദ്യ ഐമാക്സ് റിലീസെന്ന പ്രത്യേകതയും എമ്പുരാൻ സ്വന്തമാക്കുന്നു. ഐമാക്സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തരവുമായ ഒരു ബന്ധത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. 2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
ഖുറേഷി- അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുന്നു.
2023 ഒക്ടോബർ 5ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യു എ ഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് അഖിലേഷ് മോഹനും നിർവഹിച്ചിരിക്കുന്നു.
പൂർണമായും അനാമോർഫിക് ഫോർമാറ്റിൽ ചിത്രീകരിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയായിരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. മോഹൻദാസ് ആണ് കലാസംവിധാനം. സ്റ്റണ്ട് സിൽവ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു. നിർമൽ സഹദേവ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന മുരളി ഗോപിയുടേതാണ്.
Story Highlights: The trailer of Mohanlal’s Empuraan, the sequel to Lucifer, has been released and garnered millions of views.