ചെന്നൈയിലെ മധുരവോയൽ ഭാഗ്യലക്ഷ്മി നഗറിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഗൗതമിന്റെ ഒൻപത് മാസം പ്രായമുള്ള മകൾ ഏഴിലരസിയാണ് ദാരുണമായി മരണപ്പെട്ടത്. സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
രാത്രി സ്കൂട്ടർ ചാർജ് ചെയ്ത് വീട്ടുകാർ ഉറങ്ങിയ ശേഷമാണ് അപകടം നടന്നത്. രാത്രി മുഴുവൻ ചാർജിങ്ങിൽ കിടന്ന സ്കൂട്ടറിന് പുലർച്ചെയാണ് തീപിടിച്ചത്. തീ പിന്നീട് വീടിന്റെ താഴത്തെ നിലയിലേക്ക് പടരുകയായിരുന്നു.
താഴത്തെ നിലയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനാണ് അപകടത്തിൽ പൊള്ളലേറ്റത്. കുഞ്ഞിന്റെ മാതാപിതാക്കളായ ഗൗതമിനും ഭാര്യ അഞ്ജുവിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും കിൽപോക്കിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മധുരവയൽ സ്വദേശിയായ ഗൗതമിന്റെ പിതാവ് നടരാജിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അപകട വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഞ്ജുവിനും ഗൗതമിനും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
Story Highlights: A nine-month-old baby died in a fire caused by an electric scooter while charging in Chennai, Tamil Nadu.