പ്രകാശത്തെ അതിഖര (Super solid) അവസ്ഥയിലേക്ക് മാറ്റുന്നതിൽ ഗവേഷകർ വിജയിച്ചതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ഈ നേട്ടം ഭൗതികശാസ്ത്ര മേഖലയിൽ നിർണായകമായ മുന്നേറ്റമാണ്. ഒപ്റ്റിക്കൽ കമ്പ്യൂട്ടിംഗ്, ക്വാണ്ടം ഇൻഫർമേഷൻ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഈ കണ്ടെത്തൽ വഴിവയ്ക്കും. മാർച്ച് അഞ്ചിന് നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇറ്റലിയിലെ നാഷണൽ റിസർച്ച് കൗൺസിലിലെ (CNR) ഡിമിട്രിസ് ട്രിപ്പോജോർഗോസും ഡാനിയേൽ സാൻവിറ്റോയുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
ഖരത്തിന്റേയും ദ്രാവകത്തിന്റേയും സവിശേഷതകൾ ദ്രവ്യത്തിൽ (Matter) ഒരേസമയം പ്രകടമാകുന്ന അവസ്ഥയാണ് അതിഖരം അഥവാ സൂപ്പർ സോളിഡ്. ശ്ചിത ആകൃതിയോടൊപ്പം ഘർഷണമില്ലാതെ ഒഴുകാനുള്ള കഴിവും ഈ അവസ്ഥയിൽ ദ്രവ്യത്തിനുണ്ടാകും. പ്രകാശത്തെ സൂപ്പർ സോളിഡ് ആക്കി മാറ്റുന്നതിലൂടെ അതിന്റെ തരംഗദൈർഘ്യത്തിലും വേഗതയിലും മാറ്റം വരുത്താൻ സാധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
പ്രകാശത്തെ സൂപ്പർ സോളിഡ് അവസ്ഥയിലേക്ക് മാറ്റുന്നതിന് പോളാരിറ്റോണുകളെയാണ് ഗവേഷകർ ഉപയോഗപ്പെടുത്തിയത്. ക്വാണ്ടം മെക്കാനിക്സിൽ കാണപ്പെടുന്ന ഒരു ക്വാസിപാർട്ടിക്കിളാണ് പോളാരിറ്റോൺ. ഒരു പ്രകാശ കണികയായ ഫോട്ടോണും ഒരു ദ്രവ്യകണികയായ എക്സിറ്റോണും തമ്മിലുള്ള ശക്തമായ വൈദ്യുതകാന്തിക ഇടപെടലിലൂടെയാണ് പോളാരിറ്റോണുകൾ രൂപം കൊള്ളുന്നത്.
പ്രകാശത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ വർധിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന ഭൗതികശാസ്ത്രം മുതൽ അത്യാധുനിക കമ്പ്യൂട്ടിംഗ്, ഫോട്ടോണിക്സ് വരെയുള്ള മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഈ കണ്ടെത്തൽ വഴിവയ്ക്കും. മെറ്റീരിയൽ സയൻസിന്റെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഊർജ്ജത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിലും ഉപയോഗത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്കും ഈ കണ്ടെത്തൽ സഹായിക്കും.
Story Highlights: Researchers have successfully transformed light into a super solid state, a significant breakthrough in physics with potential implications for optical computing and quantum information technology.