മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള രണ്ടാം ഘട്ട എ ലിസ്റ്റിന് ദുരന്ത നിവാരണ അതോറിറ്റി അന്തിമ അംഗീകാരം നൽകി. നോ ഗോ സോൺ പരിധിയിൽ ഉൾപ്പെട്ടിട്ടും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തവർ, വാടക വീടുകളിൽ താമസിച്ചിരുന്നവർ, പാടങ്ങളിൽ താമസിച്ചിരുന്നവർ എന്നിവരെയാണ് എ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 81 പേർ ഉൾപ്പെട്ട കരട് പട്ടികയിൽ വാർഡ് 10ൽ 44 കുടുംബങ്ങളും വാർഡ് 11ൽ 31 കുടുംബങ്ങളും വാർഡ് 12ൽ 12 കുടുംബങ്ങളുമാണുള്ളത്.
പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട ബി ലിസ്റ്റിനാണ് ഇനി അംഗീകാരം നൽകാനുള്ളത്. ബി ലിസ്റ്റിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതോടെ ബി ലിസ്റ്റിലെ ഗുണഭോക്താക്കളുടെ പട്ടികയും പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ആറ് കുടുംബങ്ങളെക്കൂടി എ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ഗുണഭോക്തൃ പട്ടികകളാണ് പുനരധിവാസത്തിനായി സർക്കാർ തയ്യാറാക്കുന്നത്. ഇതിൽ രണ്ടെണ്ണം ഇതിനകം പുറത്തിറങ്ങി. അപകട മേഖലയിലൂടെ സ്വന്തം വീടുകളിലേക്ക് പോകാൻ വഴിയുള്ളവരുടെ പട്ടികയാണ് ബി ലിസ്റ്റ്. ബി ലിസ്റ്റിലുള്ളവരുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയെ വയനാട്ടിലേക്ക് അയച്ചിരുന്നു.
റവന്യൂ വകുപ്പ് ബി ലിസ്റ്റുമായി ബന്ധപ്പെട്ട മാപ്പിംഗ് തയ്യാറാക്കിയിട്ടുണ്ട്. 90 മുതൽ 100 വരെ കുടുംബങ്ങൾ ഈ പട്ടികയിൽ ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് സർക്കാരിന്റെ ശ്രമം.
Story Highlights: The Disaster Management Authority has given final approval to the second phase A-list for the rehabilitation of those affected by the Mundakkai-Chooralmala landslide.