ദേശീയ മൗണ്ടൻ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ഇടുക്കി അണക്കര സ്വദേശി അഖിൽ ഗിരീഷിന് ട്വന്റിഫോർ പുതിയ സൈക്കിൾ സമ്മാനിച്ചു. അമേരിക്കയിലുള്ള ജോർജ് ജോൺ കല്ലൂരിന്റെ സഹായത്തോടെയാണ് ട്വന്റിഫോർ ഈ സൈക്കിൾ വാങ്ങിയത്. സൈക്കിൾ ഇല്ലാത്തതിനാൽ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന അഖിലിന്റെ ആശങ്ക ട്വന്റിഫോർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സഹായവുമായി ട്വന്റിഫോർ എത്തിയത്.
ട്വന്റിഫോർ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനാണ് അഖിൽ ഗിരീഷിന് സൈക്കിൾ കൈമാറിയത്. മത്സരത്തിൽ വിജയിക്കാൻ ട്വന്റിഫോർ അഖിലിന് ആശംസകൾ നേർന്നു. 28-ാം തിയതിയാണ് മത്സരം. രണ്ട് ദിവസത്തിനുള്ളിൽ ഛത്തീസ്ഗഡിലേക്ക് തിരിക്കാനാണ് അഖിലിന്റെ പ്ലാൻ.
വർക്ക് ഷോപ്പ് ജീവനക്കാരനായ അച്ഛൻ നൽകിയ സെക്കൻഡ് ഹാൻഡ് സൈക്കിളിലാണ് അഖിൽ സംസ്ഥാന മത്സരങ്ങളിൽ ഉയരങ്ങൾ കീഴടക്കിയത്. മത്സരത്തിനിടെ പലപ്പോഴും സൈക്കിൾ പണിമുടക്കിയെങ്കിലും കഴിവിൽ വിശ്വസിച്ച് സംസ്ഥാന മത്സര വിജയത്തിലേക്ക് ചവിട്ടിയെത്തി.
ഏറെ പ്രത്യേകതകളുള്ള നാല് ലക്ഷം രൂപ വിലവരുന്ന മികച്ച സൈക്കിളാണ് ട്വന്റിഫോർ അഖിൽ ഗിരീഷിന് സമ്മാനിച്ചത്. ഇടയ്ക്കിടെ നിന്നുപോകുന്ന സെക്കൻഡ് ഹാൻഡ് സൈക്കിളിൽ നിന്ന് വിലകൂടിയ സൈക്കിളിലേക്കുള്ള അഖിലിന്റെ യാത്ര ശ്രദ്ധേയമാണ്.
ഇടുക്കി അണക്കര സ്വദേശി ഗിരീഷിന്റെ മകനാണ് അഖിൽ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റിയ ജോർജ് ജോൺ കല്ലൂരിനും ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്കും അഖിൽ നന്ദി അറിയിച്ചു. അഖിലിന്റെ സഹോദരനും സൈക്ലിങ്ങിൽ കമ്പമുണ്ട്.
Story Highlights: Twentyfour News gifted a new cycle to Akhil Girish, a native of Idukki Anakkara, to participate in the National Mountain Cycling Competition.