മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്കിടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാ സേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ എല്ലാ പ്രദേശങ്ങളിലും, കുക്കി, മെയ്തി മേഖലകൾ ഉൾപ്പെടെ, വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുമതി നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം ലംഘിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. അക്രമികൾ ഒരു വാഹനത്തിന് തീയിടുകയും ചെയ്തു.
\n\nകാൻപോക്പി ജില്ലയിലെ ദേശീയപാത 2 ലെ പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ ഏർപ്പെടുത്തി. ഇംഫാൽ-ദിമാപൂർ ഹൈവേ (എൻ\u200cഎച്ച് -2) ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു. സർക്കാർ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും ചെയ്തു.
\n\nരണ്ട് വർഷത്തിന് ശേഷം ഇംഫാലിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ചിരുന്നു. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ എല്ലാ റോഡുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഇംഫാൽ എയർപോർട്ടിൽ നിന്ന് കുക്കി ആധിപത്യ മേഖലയായ ചുരാചന്ദ്പൂരിലേക്കും കാങ്പോപിയിലേക്കും ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ, പുനരാരംഭിച്ച ബസ് സർവീസ് തടസപ്പെടുത്തിയ പ്രതിഷേധക്കാർ ബസിന് നേരെ കല്ലെറിഞ്ഞു.
\n\nമണിപ്പൂരിലെ മൂന്ന് ബങ്കറുകളും സംയുക്ത സേന തകർത്തു. സംഘർഷത്തിൽ ഒരു വാഹനത്തിന് തീയിട്ടു. 27 പേർക്ക് പരിക്കേറ്റു, ഒരാൾ മരിച്ചു.
Story Highlights: Violence erupts again in Manipur as the Kuki-Zo community clashes with security forces, resulting in one death and 27 injuries.