കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ‘അരിക്’ എന്ന ചിത്രം സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രം വി. എസ്. സനോജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മുപ്പതിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പട്ടികജാതി / പട്ടികവർഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നീണ്ട ഒരു രാഷ്ട്രീയ കാലഘട്ടത്തിന്റെ കഥയാണ് ‘അരിക്’ പറയുന്നതെന്ന് സംവിധായകൻ വി. എസ്. സനോജ് വ്യക്തമാക്കി. വളരെ പ്രസക്തമായ ഒരു സാമൂഹിക പ്രമേയം ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഏറെ പ്രതീക്ഷകളുണ്ടെന്നും സനോജ് പറഞ്ഞു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
വളരെ ഉൾക്കാഴ്ചയോടെ തയ്യാറാക്കിയ സിനിമയാണ് ‘അരിക്’ എന്ന് ചിത്രത്തിലെ പ്രധാന അഭിനേതാവും കെ.എസ്.എഫ്.ഡി.സി ഭരണസമിതി അംഗവുമായ ഇർഷാദ് അഭിപ്രായപ്പെട്ടു. 2020-2021 വർഷത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള സിനിമ പദ്ധതി പ്രകാരം ഒന്നാമതായി തെരഞ്ഞെടുത്ത ചിത്രം കൂടിയാണ് ‘അരിക്’.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അഭിനേത്രി ധന്യ അനന്യ, കെ.എസ്.എഫ്.ഡി.സി കമ്പനി സെക്രട്ടറി വിദ്യ ജി, ഫിലിം ഓഫീസർ ശംഭു പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. കാസർഗോഡ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം, വനിതാ വിഭാഗം എന്നിവയിലായി കെ.എസ്.എഫ്.ഡി.സി നിർമ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഇതേ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച് മനോജ് കുമാർ സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രം മാർച്ച് ഏഴിന് തിയറ്ററുകളിൽ എത്തുമെന്ന് കെ.എസ്.എഫ്.ഡി.സി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുപ്പതിലധികം തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
Story Highlights: KSFDC’s ‘Arik,’ directed by V.S. Sanoj, explores social issues in India and is now playing in Kerala theaters.