കോണ്കാകാഫ് ചാമ്പ്യൻസ് കപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ഇന്റർ മിയാമി മുന്നേറി. സ്പോർട്ടിങ് കൻസാസ് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മിയാമി തോൽപ്പിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ മൂന്നിനെതിരെ ഒന്ന് ഗോളുകൾക്കായിരുന്നു ജയം.
ലയണൽ മെസിയുടെ ഗോളടിയിലൂടെയാണ് ഇന്റർ മിയാമി മത്സരത്തിന് തുടക്കമിട്ടത്. 19-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. ആദ്യ പകുതിയുടെ അധിക സമയത്ത് താഡിയോ അലെൻഡെയും ലൂയിസ് സുവാരസും ഗോളുകൾ നേടി.
രണ്ടാം പകുതിയിൽ സ്പോർട്ടിങ് കൻസാസ് സിറ്റി ഒരു ഗോൾ തിരിച്ചടിച്ചു. 63-ാം മിനിറ്റിൽ മെമോ റോഡ്രിഗസാണ് ഗോൾ നേടിയത്. ക്ലബിന്റെ ഈ വർഷത്തെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. കഴിഞ്ഞയാഴ്ച കൻസാസ് സിറ്റിയിൽ നടന്ന ആദ്യപാദ മത്സരത്തിലും ഇന്റർ മിയാമി വിജയിച്ചിരുന്നു.
ആദ്യ പാദ മത്സരത്തിൽ ഒരു ഗോളിനായിരുന്നു മിയാമിയുടെ ജയം. ഈ ഗോളും നേടിയത് മെസിയായിരുന്നു. പ്രീ ക്വാർട്ടറിൽ ജമൈക്കൻ ക്ലബ്ബായ കവാലിയറാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. മാർച്ച് ആറിന് മിയാമിയുടെ സ്വന്തം തട്ടകത്തിലാണ് മത്സരം.
Story Highlights: Lionel Messi led Inter Miami to a resounding victory against Sporting Kansas City, securing their spot in the Concacaf Champions Cup knockout round.