പ്രയാഗ്\u200cരാജ് മഹാകുംഭമേളയ്\u200cക്ക് നാളെ മഹാശിവരാത്രി ദിവസത്തെ സ്\u200cനാനത്തോടെ സമാപനമാകും. ജനുവരി 13ന് ആരംഭിച്ച മേളയിൽ ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകർ എത്തിയതായി യുപി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാശിവരാത്രി ദിനത്തിൽ കോടിക്കണക്കിന് ഭക്തർ പ്രയാഗ്\u200cരാജിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്\u200cനാഥ് ഷിൻഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കത്രീന കൈഫ് എന്നിവർ ഇന്നലെ ത്രിവേണി സംഗമത്തിൽ പുണ്യസ്\u200cനാനം ചെയ്\u200cതു. കുംഭമേള ക്രമീകരണങ്ങളെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കളെ കഴുകന്മാരെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ഒറ്റപ്പെട്ട സംഭവങ്ങളെ അവർ ഊതിപ്പെരുപ്പിക്കുകയാണെന്നും സമാജ്\u200cവാദി പാർട്ടിയെ പോലെ വിശ്വാസം വച്ചു കളിച്ചിട്ടില്ലെന്നും യോഗി കുറ്റപ്പെടുത്തി.
ന്യൂഡൽഹി, പ്രയാഗ്\u200cരാജ് റെയിൽവേ സ്റ്റേഷനുകളിൽ തിക്കും തിരക്കും നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുംഭമേളയിലും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലും മുൻപ് തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അധികൃതർ അതീവ ജാഗ്രത പുലർത്തുന്നത്. മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജമാണ്.
ഇന്നലെ 15,000ൽപ്പരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത വൻ ശുചീകരണ യജ്ഞം നടന്നു. 10 കിലോമീറ്ററോളം പ്രദേശം തൂത്തു വൃത്തിയാക്കി. ഈ ശുചീകരണ യജ്ഞം ഒരു ലോക റെക്കോർഡാണെന്ന് ഉത്തർപ്രദേശ് സർക്കാർ അവകാശപ്പെട്ടു.
Story Highlights: The Prayagraj Mahakumbh Mela, which began on January 13, concludes tomorrow with the Mahashivratri holy bath.