പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ, എയ്ഡഡ് മേഖലകളിലായി 43,637 പേർക്ക് നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2021 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ എയ്ഡഡ് മേഖലയിൽ മാത്രം 24,755 നിയമനങ്ങളാണ് നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 5931, അപ്പർ പ്രൈമറിയിൽ 7824, ലോവർ പ്രൈമറിയിൽ 8550 എന്നിങ്ങനെയാണ് അധ്യാപക നിയമനങ്ങൾ. സ്പെഷ്യലിസ്റ്റ് അധ്യാപകർ (573), നോൺ ടീച്ചിംഗ് സ്റ്റാഫ് (1872) എന്നിവയും എയ്ഡഡ് മേഖലയിൽ നിയമിതരായി.
പി.എസ്.സി. മുഖേന 18,882 നിയമനങ്ങളാണ് ഇതേ കാലയളവിൽ നടന്നത്. എൽ.പി.എസ്.ടി. (5608), യു.പി.എസ്.ടി. (4378), എച്ച്.എസ്.എസ്.ടി. (3858), എച്ച്.എസ്.എസ്.ടി. ജൂനിയർ (1606), എച്ച്.എസ്.എസ്.ടി. സീനിയർ (110), സ്പെഷ്യലിസ്റ്റ് അധ്യാപകർ (547), വി.എച്ച്.എസ്.സി. (150) തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം നടന്നത്. ഹയർ സെക്കണ്ടറിയിൽ 767 അനധ്യാപക നിയമനങ്ങളും സെക്കണ്ടറിയിൽ 1845 അനധ്യാപക നിയമനങ്ങളും പി.എസ്.സി. നടത്തി.
ഭിന്നശേഷി വിഭാഗത്തിലെ നിയമനങ്ങൾക്കായി സർക്കാർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2022 ജൂൺ 25 മുതൽ നിലവിൽ വന്ന ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഹൈക്കോടതി, സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി 3127 എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ 2024 ജൂൺ 23 വരെ റോസ്റ്റർ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 468 എണ്ണം കോർപ്പറേറ്റ് മാനേജ്മെന്റുകളും 2659 എണ്ണം വ്യക്തിഗത മാനേജ്മെന്റുകളുമാണ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഇതുവരെ 1204 ഭിന്നശേഷിക്കാർക്ക് നിയമനം ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ 2023 ഒക്ടോബർ 30ലെ നിർദ്ദേശപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾ കോടതി അംഗീകരിച്ചിട്ടുണ്ട്. നിയമനം ലഭിച്ചവർക്ക് ഒഴിവ് വന്ന തീയതി മുതൽ പ്രൊവിഷണലായി ശമ്പള സ്കെയിലിലോ ദിവസ വേതനത്തിലോ നിയമനാനുമതി നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ കെ.ഇ.ആർ. ചട്ടങ്ങൾക്ക് വിധേയമായിരിക്കും. സ്കൂൾ മാനേജർമാരാണ് നിയമന അതോറിറ്റി. മാനേജർ നടത്തുന്ന നിയമനങ്ങൾക്ക് വിദ്യാഭ്യാസ ഓഫീസറുടെ അംഗീകാരം വേണം. ചട്ടങ്ങൾ പാലിക്കാത്ത നിയമനങ്ങളാണ് തടസ്സപ്പെട്ടിരിക്കുന്നത്.
ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ സമന്വയ പോർട്ടൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ചട്ടങ്ങൾ പാലിച്ചും ആവശ്യമായ രേഖകൾ സമർപ്പിച്ചും മാത്രമേ പോർട്ടലിൽ വിവരങ്ങൾ ചേർക്കാനും റെഗുലർ തസ്തികയിൽ നിയമനം നടത്താനും സാധിക്കൂ. ഭിന്നശേഷി നിയമനങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കോടതി നിർദ്ദേശപ്രകാരം സാമൂഹിക നീതി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Over 43,000 appointments made in Kerala’s education sector, says Minister V. Sivankutty.