ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2025 ബാച്ചിലേക്കുള്ള നിയമനത്തിനായാണ് കോസ്റ്റ്ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് (സി.ജി.ഇ.പി.ടി) വഴി തെരഞ്ഞെടുപ്പ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 രാവിലെ 11 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് https://joinindiancoastguard.cdac.in/cgept എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), നാവിക് (ജനറൽ ഡ്യൂട്ടി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഡൊമസ്റ്റിക് ബ്രാഞ്ചിൽ വിവിധ മേഖലകളിലായി 40 ഒഴിവുകളും, ജനറൽ ഡ്യൂട്ടിയിൽ 260 ഒഴിവുകളുമുണ്ട്. ദക്ഷിണ മേഖലയിൽ യഥാക്രമം 9 ഉം 54 ഉം ഒഴിവുകളാണുള്ളത്. കേരളം, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ-നിക്കോബാർ ദ്വീപുകൾ, തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവ ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖല.
യോഗ്യതകളെ സംബന്ധിച്ചും പ്രത്യേക നിർദേശങ്ങളുണ്ട്. നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളുമായി പ്ലസ് ടു/തത്തുല്യം പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്ക് പത്താം ക്ലാസ്/തത്തുല്യം പാസായാൽ മതിയാകും. ഓൺലൈൻ അപേക്ഷയിൽ യോഗ്യതയോടൊപ്പം വിഷയങ്ങളും മാർക്കും രേഖപ്പെടുത്തണം.
പ്രായപരിധി 18 നും 22 നും ഇടയിലാണ്. 2003 സെപ്റ്റംബർ 1 നും 2007 ആഗസ്റ്റ് 31 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 21700 രൂപ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, സൗജന്യ റേഷൻ, താമസസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
ഒരാൾക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷാ ഫീസ് 300 രൂപയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഫീസില്ല.
Story Highlights: Indian Coast Guard invites applications for various Navik positions in the 02/2025 batch through the CG Enrollment Personal Test (CGEPT).