യുക്രൈൻ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യു.എസും റഷ്യയും ഉന്നതതല ചർച്ചകൾ നടത്തി. സൗദി അറേബ്യയിൽ നടന്ന നാലര മണിക്കൂർ നീണ്ട ചർച്ചയിൽ ഇരു രാജ്യങ്ങളും പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ധാരണയായി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യ സമ്മതിച്ചു. യുക്രൈൻ ഭരണകൂടത്തെ മാറ്റിനിർത്തി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കി.
യുദ്ധത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യു.എസ്. പ്രതിനിധികൾ ആവശ്യപ്പെട്ടു. ചർച്ച തുടരുമെന്നും രണ്ടാം ഘട്ടത്തിന്റെ തീയതി പിന്നീട് തീരുമാനിക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. യുദ്ധത്തിലേക്ക് നയിച്ച പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രതിനിധികൾ ഉറപ്പുനൽകി.
ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിച്ചു. 4 പ്രധാന വിഷയങ്ങളിൽ റഷ്യയുമായി ധാരണയിലെത്തിയതായും മാർക്കോ റൂബിയോ അറിയിച്ചു. സമാധാന കരാറിലേക്കുള്ള ചർച്ചയിൽ എല്ലാ കക്ഷികളും താത്പര്യം പ്രകടിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയനെയും മാറ്റിനിർത്തിയാണ് സൗദി അറേബ്യയിൽ ചർച്ച നടത്തിയത്. റിയാദിൽ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. ആദ്യഘട്ട ചർച്ചയിൽ യുഎസും റഷ്യയും തൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഡോണൾഡ് ട്രംപ്- വ്ലാദിമിർ പുടിൻ കൂടിക്കാഴ്ചയ്ക്ക് വഴിതെളിയുമെന്ന സൂചനയുമുണ്ട്. ട്രമ്പ്, പുടിൻ കൂടികാഴ്ച പിന്നീട് തീരുമാനിക്കും.
Story Highlights: Russia and the U.S. have agreed to form a high-level committee to restore peace in Ukraine.