ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടരാൻ സാധ്യതയേറുന്നു. 2020 ഫെബ്രുവരി 15നാണ് പി.എസ്. ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരുമെന്നാണ് സൂചന.
കഴിഞ്ഞ അഞ്ചു വർഷത്തെ പാർട്ടിയുടെ മുന്നേറ്റം കെ. സുരേന്ദ്രന് അനുകൂല ഘടകമാണ്. തൃശൂർ ലോക്സഭാ സീറ്റ് ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിൽ സുരേന്ദ്രൻ തുടരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പ്രസിഡന്റ് പദവി വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തുടരണമെന്ന് ആവശ്യപ്പെട്ടാൽ പാർട്ടിയിൽ സുരേന്ദ്രൻ കൂടുതൽ ശക്തനാകും.
എന്നാൽ, പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. പ്രസിഡന്റ് പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ കെ. സുരേന്ദ്രന്റെ തുടർച്ച അനിശ്ചിതത്വത്തിലാകും. ഈ ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. സംഘടനയ്ക്ക് ഏറ്റവും വലിയ വളർച്ച ഉണ്ടായത് വി. മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണെന്നും അദ്ദേഹത്തെ വീണ്ടും അധ്യക്ഷനാക്കണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു.
ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്. എം.ടി. രമേശിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകുമെന്നും അഭ്യൂഹമുണ്ട്.
പുനഃസംഘടന സംബന്ധിച്ച യോഗങ്ങളിൽ വിവിധ നേതാക്കളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: K. Surendran likely to continue as BJP Kerala state president.