ശശി തരൂരിനെ പുകഴ്ത്തിയും തോമസ് കെ. തോമസ് എംഎൽഎയെ വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ആർക്കും അടിമപ്പെടാതെ തന്റെ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തിയാണ് ശശി തരൂർ എന്നും അദ്ദേഹത്തെ അഭിനന്ദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളാണ് തരൂർ പറയുന്നതെന്നും എന്നാൽ കോൺഗ്രസ് അദ്ദേഹത്തെ അനാവശ്യമായി ആക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തോമസ് കെ. തോമസ് ഒരു ‘പോഴൻ’ എംഎൽഎ ആണെന്നും എംഎൽഎ ആകാനുള്ള യോഗ്യതപോലും അദ്ദേഹത്തിനില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചേട്ടന്റെ മരണശേഷം ലഭിച്ച ഒഴിവിലാണ് തോമസിന് എംഎൽഎ സ്ഥാനം ലഭിച്ചതെന്നും അതൊരു ഔദാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തണമെന്നും അതിന് എസ്എൻഡിപിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വിദ്യാസമ്പന്നനും ആരുടെയും കയ്യിൽ നിന്ന് പണം വാങ്ങാത്ത വ്യക്തിയുമാണ് ശശി തരൂർ എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കോൺഗ്രസുകാർ പണ്ടുമുതലേ തരൂരിനെ അനാവശ്യമായി ആക്രമിക്കുന്നവരാണെന്നും സത്യം മനസ്സിലാക്കി അത് തുറന്നുപറയുന്ന വ്യക്തിയാണ് തരൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികളെ നിർത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
പി.സി. ചാക്കോയ്ക്കെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. ചാക്കോ നിൽക്കുന്നിടം നാലുകഷ്ണമാകുമെന്നും പാർട്ടിയിൽ ആളില്ലാത്തതുകൊണ്ടാണ് ചാക്കോയെപ്പോലുള്ളവർക്ക് സംസ്ഥാന അധ്യക്ഷസ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Story Highlights: Vellapally Natesan lauded Shashi Tharoor while criticizing Thomas K. Thomas MLA.