കേരള നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കത്തെത്തുടർന്ന് സഭാ നടപടികൾ സ്തംഭിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന പ്രതിപക്ഷ ആരോപണത്തെച്ചൊല്ലിയായിരുന്നു തർക്കം. വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കർ ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്. പ്രസംഗം തന്റെ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്പീക്കറുടെ ഇടപെടൽ മനഃപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു.
പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും 2024-25 വർഷത്തെ സ്കോളർഷിപ്പിനായി അനുവദിച്ച തുക മുഴുവനായും ചെലവഴിച്ചുവെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും തമ്മിലുള്ള വാക്പോര് ഭരണ-പ്രതിപക്ഷാംഗങ്ങൾ ഏറ്റെടുത്തതോടെയാണ് സഭ തടസ്സപ്പെട്ടത്.
എന്നാൽ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം സർക്കാർ വെട്ടിക്കുറച്ചുവെന്നും ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ സർക്കാരാണ് ഇപ്പോഴത്തേതെന്നും എ.പി. അനിൽകുമാർ ആരോപിച്ചു. ഇതാണോ ഇടതുപക്ഷ സമീപനമെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് പരിഗണന പോലും ലഭിക്കുന്നില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ തിരിച്ചടിച്ചു.
വരുമാന പരിധി നോക്കാതെയാണ് കേരളം പട്ടികജാതി-വർഗ വിഭാഗത്തിന് വിദ്യാഭ്യാസ സഹായം നൽകുന്നതെന്നും വിദ്യാവാഹിനി പദ്ധതിക്ക് ഫണ്ട് കൊടുക്കുന്നില്ല എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ നൽകുന്നത് അനുസരിച്ചാണ് ഫണ്ട് കൈമാറുന്നതെന്നും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോധപൂർവമായ അവഗണനയാണെന്നും ഈ ജനവിഭാഗം ഇനിയും പുറകോട്ട് പോകുമെന്നും സർക്കാർ ഇടപെടണമെന്നും എ.പി. അനിൽകുമാർ ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയ നോട്ടീസ് തെറ്റിദ്ധാരണ പരത്താനാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. പട്ടിക വിഭാഗത്തിന് ഒന്നും കൊടുക്കുന്നില്ല എന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യമെന്നും കാമ്പയിനിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കോളർഷിപ്പിൽ ഒരിക്കലും കുറവ് വരുത്തിയിട്ടില്ലെന്നും കൂടുതൽ പണം അനുവദിക്കേണ്ടിവന്നാൽ വീണ്ടും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർഷിക പദ്ധതി മുരടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് നാല് വർഷമായി ഇതാണ് സ്ഥിതിയെന്നും അതുകൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിഹിതം കൂടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതികൾ പലതും വെട്ടിക്കുറച്ചുവെന്നും അതിന്റെ ഉത്തരവിറക്കിയിട്ടാണ് മന്ത്രി വന്ന് തെറ്റായ കാര്യം പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ. വാക്കൗട്ട് പ്രസംഗത്തിലെ ഇടപെടലിനെച്ചൊല്ലി തലേന്നും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കിച്ചിരുന്നു.
വി.ഡി. സതീശന്റെ പ്രസംഗം ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ സ്പീക്കറുടെ ആദ്യ മുന്നറിയിപ്പ് വന്നു. അത് കണ്ടില്ലെന്ന് നടിച്ച് സതീശൻ മുന്നോട്ടുപോയതോടെ വീണ്ടും ഇടപെട്ടു. 13 മിനിറ്റായി, കൺക്ലൂഡ് ചെയ്യണമെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. തന്നെ തടസ്സപ്പെടുത്തി സഭ നടത്തിക്കൊണ്ടുപോകാമെന്ന് കരുതരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒമ്പത് മിനിറ്റ് കഴിയുന്നതുവരെ ഇടപെട്ടില്ലെന്നായിരുന്നു സ്പീക്കറുടെ ന്യായം. അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. തർക്കം മുറുകിയതോടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് എത്തി. ഭരണപക്ഷവും ഇരിപ്പിടത്തിൽ നിന്നിറങ്ങി. പിന്നെ കണ്ടത് ഭരണ-പ്രതിപക്ഷ വാക്പോരായിരുന്നു. പാതിവില തട്ടിപ്പ് ഉൾപ്പെടെയുള്ള സബ്മിഷനുകൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു. പ്രകടനമായി പുറത്തേക്കെത്തിയ പ്രതിപക്ഷം സഭയ്ക്ക് പുറത്തും സ്പീക്കറെ രൂക്ഷമായി വിമർശിച്ചു.
Story Highlights: Heated arguments between the Speaker and the Opposition Leader disrupted proceedings in the Kerala Assembly.