വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അനുശോചനം രേഖപ്പെടുത്തി. വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. സുൽത്താൻബത്തേരി അർബൻ ബാങ്ക്, കാർഷിക ഗ്രാമവികസനബാങ്ക്, സർവീസ് സഹകരണബാങ്ക്, പൂതാടി സർവീസ് സഹകരണബാങ്ക്, മടക്കിമല സർവീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം.
വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സുധാകരന്റെ മൊഴി രേഖപ്പെടുത്താനിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും. വിജയൻ നൽകിയ കത്തുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ.
കെ സുധാകരന് വിജയൻ രണ്ട് തവണ കത്തയച്ചിരുന്നതായി വിവരം. സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ചായിരുന്നു കത്തുകൾ. കത്തിലെ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.
യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് പരാതികളുയർന്നിരുന്നു. സഹകരണ വകുപ്പ് നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്. സുൽത്താൻബത്തേരി അസിസ്റ്റൻറ് രജിസ്റ്റർ കെ കെ ജമാലിന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം ലഭിച്ചു.
ആത്മഹത്യാക്കുറിപ്പിനും കോൺഗ്രസ് നേതാക്കൾക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പൊലീസിന് ലഭിച്ചു. 2022 ൽ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണൻ എംഎൽഎയും ചോദ്യം ചെയ്യലിന് ഹാജരായേക്കും.
കേസിൽ അപ്പച്ചനെയും ഗോപിനാഥനെയും അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിജയന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സുധാകരൻ ഉറപ്പ് നൽകി. കെപിസിസി ഉപസമിതി നേരത്തെ വിജയന്റെ വീട് സന്ദർശിച്ചിരുന്നു.
Story Highlights: KPCC president K Sudhakaran visited the house of deceased Wayanad DCC treasurer NM Vijayan and offered condolences to his family.