പുണെയിൽ ഗില്ലൻ ബാ സിൻഡ്രോം പടരുന്നതായി ആശങ്ക. ഒരാഴ്ചയ്ക്കിടെ 24 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടുവന്നത്. മലിനജലവും ഭക്ഷണവും രോഗകാരണമാകാമെന്നാണ് നിഗമനം. സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. രോഗികളുടെ സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു.
കുട്ടികളും രോഗബാധിതരിൽ ഉൾപ്പെടുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നു. വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ കൈകാലുകൾക്ക് ബലക്ഷയവും പക്ഷാഘാതവും വരെ സംഭവിക്കാം. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുമായി എത്തിയവരുടെ രക്തം, മലം, തൊണ്ടയിലെ സ്രവങ്ങൾ, ഉമിനീര്, മൂത്രം, സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്നിവയുടെ സാംപിളുകൾ പരിശോധിച്ചുവരികയാണ്. നാഡീകോശങ്ങളെ ബാധിക്കുന്ന അപൂർവ്വ രോഗമാണ് ഗില്ലൻ ബാ സിൻഡ്രോം. ഗില്ലൻ ബാ സിൻഡ്രോം പുതിയ രോഗമല്ലെങ്കിലും ഒരേ സമയം ഇത്രയും പേർക്ക് രോഗം ബാധിച്ചത് ആശങ്കാജനകമാണ്.
തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നതാണ് രോഗകാരണം. കൈകാലുകൾ വിടർത്താനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളിൽപ്പെടുന്നു. രോഗബാധിതർക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നൽകിവരുന്നു.
Story Highlights: 22 suspected cases of Guillain-Barre Syndrome have been reported in Pune, Maharashtra, prompting health officials to investigate.