സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ ഭാര്യയും കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ടുമായ മഞ്ജുഷയും രംഗത്ത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് അനുകൂല സെറ്റോയും സിപിഐ അനുകൂല ജോയിന്റ് കൗൺസിലും സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ന് ജോലിക്ക് ഹാജരാകില്ലെന്ന് രേഖാമൂലം അറിയിച്ചാണ് മഞ്ജുഷ പണിമുടക്കിൽ പങ്കെടുക്കുന്നത്.
എൻജിഒ യൂണിയനിൽ സജീവമായി പ്രവർത്തിക്കുന്നവരാണ് നവീൻ ബാബുവും മഞ്ജുഷയും. സർക്കാരിന്റെ ഡയസ്നോൺ ഉത്തരവ് നിലനിൽക്കെയാണ് സമരം നടക്കുന്നത്. പണിമുടക്കിലൂടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം കുറയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. അവശ്യ സാഹചര്യങ്ങളിൽ ഒഴികെ ജീവനക്കാർക്ക് അവധി നൽകരുതെന്നും ജോലിക്ക് എത്തുന്നവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. റവന്യു വകുപ്പിന് കീഴിലുള്ള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്.
കൃഷി, മൃഗസംരക്ഷണ വകുപ്പുകളെയും പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്. സിപിഐഎം അനുകൂല സർവീസ് സംഘടനകൾ സമരത്തെ ശക്തമായി എതിർക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ല. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഇടത് സർക്കാരിന് ചേർന്നതല്ലെന്നും വിമർശനമുയർന്നിട്ടുണ്ട്. സിപിഐ സംഘടനകളെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പ്രതിപക്ഷ സംഘടനകളുടെ സമരം സർക്കാരിലെ ചില ഓഫീസുകളെ ഒഴികെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ജോയിന്റ് കൗൺസിലിന് സ്വാധീനമുള്ള വകുപ്പുകളിലെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
Story Highlights: Kannur’s former ADM K. Naveen Babu’s wife, Manjusha, joins the government employees’ strike.