ഡൊണാൾഡ് ട്രംപ് നാളെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. വാഷിങ്ടണിലെ യുഎസ് ക്യാപിറ്റോളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. 78 വയസ്സുള്ള ട്രംപ് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.
അതിശൈത്യമായ കാലാവസ്ഥ മൂലം യുഎസ് ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. യുഎസ് ക്യാപിറ്റോളിലെ മകുടത്തിന് താഴെ സ്ഥിതി ചെയ്യുന്നതാണ് റോട്ടൻഡ ഹാൾ. മൈനസ് 11 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും.
1985-ൽ റൊണാൾഡ് റീഗനാണ് ഏറ്റവുമൊടുവിൽ റോട്ടൻഡ ഹാളിൽ സത്യപ്രതിജ്ഞ ചെയ്തത്. അന്ന് മൈനസ് ഏഴ് ഡിഗ്രിയായിരുന്നു താപനില. സത്യപ്രതിജ്ഞയ്ക്ക് ശേഷം, സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സംഗീതാവിതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സൽക്കാരവും നടക്കും. ക്യാപിറ്റൽ വൺ അറീനയിലാണ് പരേഡ് നടക്കുക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി യുഎസ് സൈന്യത്തിന്റെ അർലിങ്ടൺ ദേശീയ സെമിത്തേരിയിൽ ട്രംപ് ആദരാഞ്ജലികൾ അർപ്പിക്കും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഹിലരി ക്ലിന്റൺ, ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ടിം കുക്ക്, ഹാൻ ഷെങ്ങ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങുകൾ വൈറ്റ് ഹൗസ് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.
Story Highlights: Donald Trump will be sworn in as the 47th US President tomorrow.