ജനുവരി 20ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും പങ്കെടുക്കും. വിശിഷ്ടാതിഥികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചടങ്ങിൽ ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, സേവ്യർ നീൽ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ചടങ്ങിൽ സന്നിഹിതരാകും. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലേ എന്നിവർ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹംഗറി പ്രസിഡൻ്റ് വിക്ടർ ഓർബാനും ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.
ജനുവരി 18ന് വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോളിൽ മുകേഷ്, നിത അംബാനി എന്നിവർ എത്തും. സ്ഥാനാരോഹണത്തിൻ്റെ തലേദിവസം ഡൊണാൾഡ് ട്രംപിനൊപ്പം അത്താഴവിരുന്ന് പങ്കിടുമെന്നും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡൻ്റ് ജെഡി, ഉഷ വാൻസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനും ഇവർക്ക് അവസരം ലഭിക്കും.
ശനിയാഴ്ച വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ സ്ഥാനാരോഹണത്തിൻ്റെ മറ്റ് ആഘോഷ പരിപാടികൾ നടക്കും. ഫ്രഞ്ച് കോടീശ്വരനും ടെക് സംരംഭകനുമായ സേവ്യർ നീൽ ഭാര്യയോടൊപ്പം ചടങ്ങിൽ പങ്കെടുക്കും. തിങ്കളാഴ്ച റിപ്പബ്ലിക്കൻ മെഗാ ഡോണർ മിറിയം അഡൽസണും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗും സംഘടിപ്പിക്കുന്ന ബ്ലാക്ക് ടൈ റിസപ്ഷനിലും മുകേഷും നിത അംബാനിയും പങ്കെടുക്കും.
വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം.
Story Highlights: Mukesh and Nita Ambani will attend Donald Trump’s presidential inauguration.