യുഎഇയിലെ പ്രവാസികൾക്ക് ഇനി മുതൽ സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ വീസയ്ക്ക് അപേക്ഷിക്കാം. ബിരുദധാരികളായ പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഐസിപി നിർദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് ഈ പുതിയ വീസാ ആനുകൂല്യം ലഭിക്കുക. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്ന് മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വീസകൾ ലഭ്യമാണ്.
വീസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം. തുല്യകാലയളവിലേക്ക് വീസ പുതുക്കാനും സാധിക്കും. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ വീസ പുതുക്കലിനും അപേക്ഷിക്കാം. വീസ കാലാവധി കഴിഞ്ഞാലും രാജ്യത്ത് തങ്ങുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അപേക്ഷകന് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, മടക്ക ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. വീസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വീസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. നിലവിൽ 10,000 ദിർഹം ശമ്പളമുള്ളവർക്ക് മാത്രമേ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സ്പോൺസർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
ഭാര്യയെയും മക്കളെയും സ്പോൺസർ ചെയ്യാൻ 3000 ദിർഹം ശമ്പളവും കമ്പനി താമസ സൗകര്യവും വേണമെന്നാണ് നിലവിലെ നിയമം. എന്നാൽ പുതിയ വീസാ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രവാസികൾക്ക് ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഈ നടപടി പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: UAE expats with degrees can now sponsor visitor visas for relatives and friends via ICP website/app.