2022 ഏപ്രിലിലെ അവിശ്വാസ വോട്ടെടുപ്പിലൂടെ അധികാരഭ്രഷ്ടനായ പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിക്കും അഴിമതിക്കേസില് ജയില് ശിക്ഷ വിധിച്ചു. അല് ഖാദര് യൂണിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില് ഇമ്രാനു 14 വര്ഷവും ബുഷ്റയ്ക്ക് ഏഴു വര്ഷവുമാണ് ശിക്ഷ. ഇമ്രാന് ഒരു ദശലക്ഷം പാകിസ്ഥാന് രൂപയും ബുഷ്റയ്ക്ക് അഞ്ച് ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്.
പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നിലവില് മറ്റ് കേസുകളില് ജയിലിലാണ്. 2023 മെയ് മാസത്തിലാണ് ഇമ്രാന് ആദ്യമായി അറസ്റ്റിലായത്. അധികാര ദുര്വിനിയോഗവും അഴിമതിയും ആരോപിച്ച് ഡിസംബര് മുതല് മൂന്ന് തവണ മാറ്റിവച്ച കേസിലാണ് ഇപ്പോള് വിധി വന്നിരിക്കുന്നത്.
2023 ഓഗസ്റ്റ് മുതല് റാവല്പിണ്ടിയിലെ അഡിയാല ജയിലില് പ്രവര്ത്തിക്കുന്ന അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇമ്രാന് ജയിലിലായതിനു ശേഷമാണ് ഈ കോടതി അവിടെ പ്രവര്ത്തനം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ബുഷ്റ ബീവിയെ കോടതി പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
സമ്മാനങ്ങള് വില്ക്കല്, സംസ്ഥാന രഹസ്യങ്ങള് ചോര്ത്തല്, നിയമവിരുദ്ധമായ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില് നേരത്തെ ഇമ്രാന് ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസുകളെല്ലാം റദ്ദാക്കുകയോ താത്കാലികമായി നിര്ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ജയില് മോചനം ലഭിച്ചിരുന്നില്ല. ഇമ്രാന് ഖാന്റെ അല് ഖാദര് യൂണിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇപ്പോള് ജയില് ശിക്ഷ ലഭിച്ചിരിക്കുന്നത്.
Story Highlights: Former Pakistan Prime Minister Imran Khan and his wife Bushra Bibi have been sentenced to jail in a corruption case.