യു.എ.ഇ.യുടെ ബഹിരാകാശ പദ്ധതിയിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ എം.ബി.ഇസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചു. യുഎസിലെ കാലിഫോർണിയയിൽ നിന്ന് ചൊവ്വാഴ്ച രാത്രി യുഎഇ സമയം 10 .49 ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലാണ് എം.ബി.ഇസെഡ്-സാറ്റ് എന്നു നാമകരണം ചെയ്തിരിക്കുന്നത്. 3×5 മീറ്റർ നീളവും 750 കിലോ ഭാരവുമുള്ള ഉപഗ്രഹം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് വികസിപ്പിച്ചത്. മേഖലയിലെ ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ കാമറയാണ് ഇതിന്റെ പ്രത്യേകത.
ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് ആവശ്യക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിൽ എം.ബി.ഇസെഡ്-സാറ്റ് വളരെയധികം ഉപകാരപ്പെടും. ഉപഗ്രഹം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും കൂടുതൽ വ്യക്തതയുള്ള വിവരങ്ങളും നൽകും. ആഗോള ബഹിരാകാശ വ്യവസായത്തിലെ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് ഈ പദ്ധതി.
യുഎഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത നാനോ സാറ്റലൈറ്റായ എച്ച്.സി.ടി സാറ്റ്-1ഉം എം.ബി.ഇസെഡ്-സാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യുഎഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്. ഭ്രമണപഥത്തിലെത്തിയ എച്ച്.സി.ടി സാറ്റ്-1 ൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായും മുഴുവൻ സംവിധാനങ്ങളും പ്രവർത്തനക്ഷമമായതായും സ്പേസ് സെന്റർ അറിയിച്ചു.
ഭൗമനിരീക്ഷണ രംഗത്ത് നിർണായകമായ പുരോഗതിയാണ് എം.ബി.ഇസെഡ്-സാറ്റ് എന്ന ഉപഗ്രഹത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, ഭൂമിയെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങളും ഈ ഉപഗ്രഹത്തിലൂടെ ശേഖരിക്കാൻ സാധിക്കും. ഈ നേട്ടം യുഎഇയുടെ ബഹിരാകാശ രംഗത്തെ മികവിന് മറ്റൊരു തെളിവാണ്.
Story Highlights: UAE successfully launched MBZ-SAT, a powerful Earth observation satellite, marking a significant milestone in its space program.