ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നവംബർ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാർ സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിന് ജനനം. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാറുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞിന്റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും എന്നീ അവസ്ഥകളാണുള്ളത്. കൈക്കും കാലിനും വളവുമുണ്ട്. ഗർഭകാലത്തെ സ്കാനിംഗിൽ ഈ വൈകല്യങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.
കുഞ്ഞിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയതിന് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കാനിംഗ് കേന്ദ്രങ്ങളിലും സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തി.
Story Highlights: A baby born with severe disabilities in Alappuzha is in critical condition at Vandanam Medical College.